> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ടാറിന് വിലകൂടി: തകർന്ന റോഡുകൾ നന്നാക്കാൻ സർക്കാർ അധിക തുക അനുവദിക്കണമെന്ന് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ
- URL: https://www.vaikomvartha.com/ttaarrin-vilkuutti-tk-nn-rroodduk-nnnaakkaa-s-kkaa-adhik-tuk-anuvdikknnmenn-koo-ttraaktteellls-asoosiyeess/
- Published: 2026-08-03T14:46:03.000Z
- Updated: 2026-08-03T14:46:03.000Z
- Author:  Vaikom Vartha News Desk

വൈക്കം**:** ടാറിന് കുത്തനെ വില കൂടിയ സാഹചര്യത്തിൽ അധിക തുക നൽകി, സംസ്ഥാനത്ത് തകർന്നു കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ വൈക്കം താലൂക്ക് സമ്മേളനത്തിലാണ് ഈ ആവശ്യമുയർന്നത്.

പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ടാർ വില കിലോയ്ക്ക് 103 രൂപയായി വർധിച്ചിരിക്കുകയാണ്. എന്നാൽ നിലവിൽ സർക്കാർ നൽകുന്നത് 50 രൂപ മാത്രമാണ്. കിലോയ്ക്ക് 53 രൂപയുടെ ഭീമമായ വ്യത്യാസം സഹിച്ച് പ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വിപണിയിലെ നിലവിലെ വില പരിഗണിച്ച് റോഡ് പണികൾക്ക് അധിക തുക അനുവദിക്കുക. ലേബർ സൊസൈറ്റികൾക്ക് നൽകുന്ന 10 ശതമാനം അധിക തുക നിർത്തലാക്കുക. പി.ഡബ്ല്യു.ഡി (PWD) മാന്വൽ അടിയന്തരമായി പരിഷ്കരിക്കുക. ബി.ഡി.എസ് (BDS) സിസ്റ്റം പൂർണമായി ഒഴിവാക്കുക. ഈ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ കോൺട്രാക്ടർമാർക്ക് കഴിയില്ലെന്ന് അംഗങ്ങൾ യോഗത്തിൽ അറിയിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-16.jpg)

സമ്മേളനം കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അനിൽ കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സോണി പാലത്ര, ജില്ലാ പ്രസിഡന്റ് അനിൽ കെ. കുര്യൻ, സെക്രട്ടറി സജി ടി. ചാക്കോ, റെജോ കടവൻ, എൻ. അനിൽകുമാർ, ബൈജു മാണി എന്നിവർ സംസാരിച്ചു.