> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ട്രെയിൻ തകരാറിലായതിനെ തുടർന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു
- URL: https://www.vaikomvartha.com/ttreyi-tkraarrilaaytine-tutt-nn-kocci-mettroo-gtaagtn-tttssppettttu/
- Published: 2026-02-25T06:28:00.000Z
- Updated: 2026-02-25T06:36:05.000Z
- Author:  Vaikom Vartha News Desk
- Tags: Ernakulam

കൊച്ചി: സാങ്കേതിക തകരാറിനെതുടർന്ന് ഒന്നര മണിക്കൂറോളം കൊച്ചി മെട്രോ സർവീസ് ഭാഗികമായി തടസ്സപ്പെട്ടു. 9.15 ഓടെ തകരാർ പരിഹരിച്ച് മെട്രോ സർവീസ് സാധാരണഗതിയിലായതായി മെട്രോ അധികൃതർ വ്യക്തമാക്കി. രാവിലെ 7.40 ഓടു കൂടി തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയ്ക്ക് പോകുന്ന ട്രെയിനിൽ എം.ജി റോഡ് സ്റ്റേഷൻ എത്തുന്നതിനു മുൻപാണ് തകരാർ കണ്ടെത്തിയത്. ഓട്ടമാറ്റിക് ആയി ബ്രേക്ക് വീഴുന്നതായിരുന്നു തകരാർ. ഇത് തിരിച്ചറിഞ്ഞതോടെ വളരെ പതുക്കെ ട്രെയിൻ എം.ജി റോഡ് ‌സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ അവിടെ ഇറക്കി. തകരാറിലായ ട്രെയിൻ കെട്ടിവലിച്ച് നീക്കി. 3 ട്രാക്കുകളുള്ള മുട്ടം സ്റ്റേഷനിലേക്കാണ് തകരാറിലായ ട്രെയിൻ കൊണ്ടുപോയത്. എം.ജി റോഡ് സ്റ്റേഷനിൽ ഇറക്കിയ യാത്രക്കാരേയും കെട്ടിവലിക്കാൻ കൊണ്ടുവന്ന ട്രെയിനിൽ തന്നെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. സാധാരണ 30 കിലോമീറ്ററാണ് മെട്രോയുടെ വേഗം. ട്രെയിൻ തകരാറിലായ സമയത്ത് 10 കിലോമീറ്റർ വേഗത്തിലാണ് മറ്റു ട്രെയിനുകൾ സർവീസ് നടത്തിയത്. ജോലിക്കായും മറ്റും പോകുന്നവർ ഉള്ളതിനാൽ മെട്രോയിൽ ഏറെ തിരക്കുള്ള സമയം കൂടിയാണ് രാവിലെ. ട്രെയിൻ തകരാറിലായത് യാത്രക്കാരെ ബാധിച്ചു.