> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ട്രെയിൻ ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം; ബോർഡിംഗ് സ്റ്റേഷൻ മാറാനും ഇനി എളുപ്പം
- URL: https://www.vaikomvartha.com/ttreyi-ttikkrrrr-rriiphnntt-niymngnglli-maarrrrn-boo-dding-srrrreess-maarraanun-ini-elluppn/
- Published: 2026-03-24T14:10:19.000Z
- Updated: 2026-03-24T14:10:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ന്യൂദൽഹി: ടിക്കറ്റ് റിസർവേഷൻ നിയമങ്ങളിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തുന്നു. ടിക്കറ്റ് റദ്ദാക്കുമ്പോൾ ലഭിക്കുന്ന റീഫണ്ട് തുകയിലും തത്കാൽ ബുക്കിംഗ് രീതികളിലും റെയിൽവേ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ്. യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കുന്നവർക്ക് ഇനി മുതൽ പരമാവധി തുക റീഫണ്ടായി ലഭിക്കും. റദ്ദാക്കൽ നിയമങ്ങളിലെ മാറ്റം ഏപ്രിൽ 1 മുതൽ നിലവിൽ വരും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/03/1000479766-2.jpg)

സ്ഥിരീകരിച്ച ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ലഭിക്കുന്ന റീഫണ്ട് തുക സമയത്തിനനുസരിച്ചാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. യാത്രക്ക് 72 മണിക്കൂറിന് മുൻപ് ടിക്കറ്റ് റദ്ദാക്കിയാൽ ഏറ്റവും കുറഞ്ഞ തുക മാത്രം ഈടാക്കി ബാക്കി തുക റീഫണ്ട് നൽകും. 24 മുതൽ- 72 മണിക്കൂറിനിടെ ടിക്കറ്റ് നിരക്കിന്റെ 25% പിഴയായി ഈടാക്കും. 8 മുതൽ 24 മണിക്കൂറിനിടെ ടിക്കറ്റ് നിരക്കിന്റെ 50% തുക പിഴയായി ഈടാക്കും.  
8 മണിക്കൂറിനുള്ളിൽ അതായത് ട്രെയിൻ പുറപ്പെടാൻ എട്ട് മണിക്കൂർ മാത്രം ശേഷിക്കെ ടിക്കറ്റ് റദ്ദാക്കിയാൽ യാതൊരുവിധ റീഫണ്ടും ലഭിക്കില്ല. നേരത്തെ കൗണ്ടർ ടിക്കറ്റുകൾ റദ്ദാക്കാൻ ടിക്കറ്റിലെ അവസാന സ്റ്റേഷനിൽ എത്തണമെന്ന നിബന്ധനയും റെയിൽവേ ഒഴിവാക്കും. ഇനി മുതൽ ഏത് സ്റ്റേഷനിലെ കൗണ്ടറിൽ നിന്നും ടിക്കറ്റ് റദ്ദാക്കാൻ കഴിയും. ഇ-ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ റീഫണ്ടിനായി ഇനി 'ടി.ഡി.ആർ' ഫയൽ ചെയ്യേണ്ടിവരില്ല. പകരം തുക തനിയെ അക്കൗണ്ടിലെത്തുന്ന ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം നടപ്പിലാക്കുകയാണ്. ഏജന്റുമാർ ടിക്കറ്റുകൾ പൂഴ്ത്തിവെക്കുന്നത് തടയാൻ ആധാർ അധിഷ്ഠിത ഒ.ടി.പി സംവിധാനം നടപ്പിലാക്കിയിരിക്കുകയാണ് റയിൽവേ. യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ ബോർഡിംഗ് പോയിന്റിലിലെ മാറ്റമാണ് ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഇനി യാത്രക്കാർക്ക് തങ്ങളുടെ ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കും. വലിയ നഗരങ്ങളിൽ ഒന്നിലധികം സ്റ്റേഷനുകളുള്ള സാഹചര്യത്തിൽ ഈ സൗകര്യം യാത്രക്കാർക്ക് ഏറെ ഗുണകരമാകും.