> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ടി.വി.പുരത്തെ ആധുനിക ശ്മശാനം പ്രവർത്തിക്കാതെ കാടുകയറി നശിക്കുന്നു
- URL: https://www.vaikomvartha.com/tv-puram-smasanam/
- Published: 2026-06-29T17:15:55.000Z
- Updated: 2026-06-29T18:15:50.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: ടി.വി പുരം പഞ്ചായത്തിൽ 93 ലക്ഷം രൂപ മുടക്കി പണിത് ഉദ്ഘാടനം ചെയ്ത ആധുനിക ശ്മശാനം പ്രവർത്തിക്കാതെ കാടുകയറി നശിക്കുന്നു. ലക്ഷങ്ങളുടെ ശ്മശാന ഉപകരണങ്ങളും കെട്ടിടവും ആണ് നശിക്കുന്നത്. ശ്മശാനത്തിൽ സൂക്ഷിച്ചിരുന്ന 16 വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയ വിവരം പഞ്ചായത്ത് മൂടിവെച്ചതായും പരാതി. 

93 ലക്ഷം രൂപ മുടക്കി ടിവി പുരം പഞ്ചായത്ത് പണിത് ഉദ്ഘാടനം ചെയ്ത ഈ ശ്മശാനത്തിൽ ഇതുവരെ ഒരു മൃതദേഹം പോലും ദഹിപ്പിച്ചിട്ടില്ല. ഉപകരണങ്ങളുടെ പരീക്ഷണ പ്രവർത്തനമെല്ലാം നടത്തിയ ശേഷമാണ് എട്ടുമാസമായി ശ്മശാനം തുറക്കാതെ കിടന്ന നശിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഒക്ടോബറിൽ ആണ് തിരക്കിട്ട് ശ്മശാനം ഉദ്ഘാടനം ചെയ്തത്. എന്നാൽ ശ്മശാനം പ്രവർത്തിപ്പിക്കുന്നതിനുള്ള അന്തിമ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെ ലക്ഷങ്ങൾ മുടക്കിയ ഉപകരണങ്ങൾ കാടുകയറി നശിക്കുകയാണ്. കെട്ടിട ഭാഗങ്ങളും തകർന്നു തുടങ്ങി. ഇതിൻ്റെ നിർമ്മാണ പ്രവർത്തനത്തിലും അഴിമതി നടന്നതായാണ് ആക്ഷേപം ഉയരുന്നത്. കെട്ടിട ഭാഗങ്ങൾ മാത്രമല്ല പുറത്തു വഴിയിൽ പാകിയിരിക്കുന്ന ഇന്റർലോക്ക് ടൈലുകളും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-31.jpg)

ഇതിനിടെയാണ് ഇവിടെ സൂക്ഷിച്ചിരുന്ന 16 വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയത്. വിവരമറിഞ്ഞിട്ടും പഞ്ചായത്ത് ഇത് മൂടിവച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. ഇവിടെ അഞ്ചോളം സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പ്രവർത്തിപ്പിക്കാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് പരാതി. രണ്ടുദിവസം മുമ്പാണ് സിലിണ്ടർ മോഷണം പുറത്തറിഞ്ഞത്. മോഷണ വിവരം പഞ്ചായത്ത് അറിഞ്ഞിട്ടും പഞ്ചായത്ത് കമ്മിറ്റിയിലടക്കം അറിയിക്കാതെ രഹസ്യമാക്കി വെച്ചതാണ് ദുരൂഹതക്ക് കാരണം. ഗ്യാസ് ക്ഷാമം രൂക്ഷമായ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. 19 ഓളം ഉന്നതികൾ ഉള്ള ടി.വി പുരം പഞ്ചായത്തിൽ നാടിന് ഏറെ പ്രയോജനകരമാകുന്ന ആധുനിക ശ്മശാനത്തിലെ ഉപകരണങ്ങളും കെട്ടിടവും ആണ് പഞ്ചായത്തിന്റെ അനാസ്ഥ മൂലം നശിക്കുന്നത്.