> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സബ്‌സിഡി ഗോതമ്പ് മുടങ്ങി: വൈക്കത്ത് അമൃതം ന്യൂട്രീഷൻ നിർമ്മാണ യൂണിറ്റ് വൻ പ്രതിസന്ധിയിൽ
- URL: https://www.vaikomvartha.com/udayaapouram-news-14/
- Published: 2026-09-04T12:00:58.000Z
- Updated: 2026-09-04T12:00:58.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: അമൃതം ഫുഡ് നിർമ്മാണം നടത്തുന്ന ഉദയനാപുരം കുടുംബശ്രീയുടെ യൂണിറ്റ് പ്രതിസന്ധിയിൽ. ദേശീയ ന്യൂട്രീഷൻ വാരാചരത്തിൻ്റെ ഭാഗമായി ന്യൂട്രീഷൻ ഫുഡ് ആയ അമൃതം വിതരണം ചെയ്യുന്ന യൂണിറ്റ് ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജുവിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചപ്പോഴാണ് കുടുംബശ്രീ അംഗങ്ങൾ പ്രതിസന്ധി ചൂണ്ടികാട്ടിയത്. ആറു വർഷമായി വൈക്കം, പള്ളം, ഏറ്റുമാനൂർ ബ്ലോക്കിലെ അംഗൻവാടികൾക്ക് അമൃതം ഫുഡ് വിതരണം ചെയ്യുന്ന യൂണിറ്റാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയിൽ നിന്നാണ് സബ്‌സിഡി ഇവിടെ ഗോതമ്പ് കിട്ടിക്കൊണ്ടിരുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികമായി ഇത് കിട്ടുന്നില്ല. ഇതോടെ പൊതു മാർക്കറ്റിൽ നിന്ന് ഗോതമ്പ് വാങ്ങേണ്ട സ്ഥിതി ഉണ്ടായതാണ് പ്രതിസന്ധിക്ക് കാരണം. റെയ്ഡ് കോ വിതരണം ചെയ്യുന്ന പഞ്ചസാര, കടലപ്പരിപ്പ്, സോയാബീൻ, കപ്പലണ്ടി തുടങ്ങിയ സാധനങ്ങൾക്കും പൊതുവിപണിയിലെ വില കൊടുക്കണം. 12 വർഷമായി ഒരു കിലോ അമൃതം ഫുഡിന് സർക്കാർ നിശ്ചയിച്ചു നൽകുന്ന വില 70 രൂപയാണ്. നിലവിലെ സാഹചര്യത്തിൽ 105 രൂപ വരെ ഉല്പാദന ചെലവ് വരുന്നുണ്ടന്ന് കുടുംബശ്രീ യൂണിറ്റിലെ ഉല്ലാദകരായ വനിതകൾ പറഞ്ഞു. ഇതോടെ യൂണിറ്റ് പ്രതിസന്ധി നേരിടുകയാണെന്നാണ് ഇവരുടെ പരാതി. സർക്കാരിൻ്റെ ശ്രദ്ധയിൽപെടുത്തി വില വർദ്ധിപ്പിച്ചു കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയാണ് ജനപ്രതിനിധികൾ മടങ്ങിയത്. പ്രസിഡൻ്റ് കെ.ജി. രാജുവിനൊപ്പം വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, ജനപ്രതിനിധികളായ കെ. ദീപേഷ്, പി.ഡി ജോർജ്, സൗമ്യാ സനീഷ് എന്നിവരും യൂണിറ്റ് സന്ദർശിച്ചു.