> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാനാപ്പള്ളി പാടത്ത് ആമ്പൽ വസന്തത്തിന് വിട: ഇനി സ്വർണ്ണക്കതിരിന്റെ പ്രതീക്ഷ
- URL: https://www.vaikomvartha.com/udayaapouram-news-21/
- Published: 2026-09-14T14:26:14.000Z
- Updated: 2026-09-18T13:18:10.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ വാഴമന മാനാപ്പള്ളി പാടത്ത് ആമ്പൽ വസന്തകാല കാഴ്ച മാഞ്ഞു. ഇനി ഈ കാഴ്ചക്ക് ഒരു കൃഷിക്കാലം കഴിയാൻ കാത്തിരിക്കണം. പാടശേഖരം നെൽകൃഷിക്കായി ഒരുക്കുന്നതിൻ്റെ ഭാഗമായി വെള്ളം വറ്റിച്ച് ആമ്പൽ നീക്കം ചെയ്യുകയാണ്.

252 ഏക്കറുള്ള പ്രദേശത്തെ ഏറ്റവും വലിയ പാടശേഖരത്തിൻ്റെ ഒരു ഭാഗത്താണ് ആമ്പൽ കാഴ്ച വിരുന്നായത്. പ്രകൃതി കാഴ്ചകളാൽ സമ്പന്നമായ ഉൾപ്രദേശത്ത് ഈ വർഷമാണ് വൻതോതിൽ ആമ്പൽ വിരിഞ്ഞതും നാടിൻ്റെ കാഴ്ചയായി മാറിയതും. ഈ ആദ്യ ആമ്പൽ കാഴ്ചക്കായി പ്രദേശത്ത് ബോർഡുകളടക്കം സ്ഥാപിച്ച് വളളങ്ങളൊരുക്കി പഞ്ചായത്തും രംഗത്ത് വന്നതോടെ പ്രദേശവാസികൾക്കും ആമ്പൽകാലം ഉൽസവമായി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688805-5.jpg)

മലരിക്കലിന് സമാനമായ ആമ്പൽ കാഴ്ചകാണാനും റീൽ എടുക്കാനുമായി നൂറുകണക്കിന് സഞ്ചാരികളാണ് എത്തിയത്. അവധി ദിവസങ്ങളിൽ ആയിരത്തോളം പേർ എത്തിയിന്നുന്നതായി നാട്ടുകാർ പറഞ്ഞു. ആമ്പൽ നീക്കി നെൽകൃഷിക്കായി പാടമൊരുക്കി ഇരുപത് ദിവസം കഴിഞ്ഞാൽ ഇവിടെ വിത്തെറിയും. ഇനി നെൽകൃഷിയുടെ പച്ചപ്പിൻ്റെയും പിന്നെ കതിരിട്ട് സ്വർണ്ണ വർണ്ണ കാർഷിക സമൃദ്ധിയുടെ പ്രതീക്ഷാ കാഴ്ചകളാവും മാനപ്പള്ളി പാടം നമ്മുക്ക് സമ്മാനിക്കുന്നത്.