> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം
- URL: https://www.vaikomvartha.com/udayaapouram-news-7/
- Published: 2026-08-10T07:03:13.000Z
- Updated: 2026-08-11T15:39:29.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: വൈക്കത്ത് വെള്ളപ്പൊക്കമൊഴിയാൻ തുടങ്ങിയതോടെ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകൾ ഒഴിയാൻ തുടങ്ങി. വീടുകളിലും പരിസരത്തും അടിഞ്ഞചെളിയും മറ്റ് മാലിന്യങ്ങളും ശുചീകരിക്കാനുള്ള ശ്രമത്തിലാണ് കുടുംബങ്ങൾ. ക്യാമ്പുകളിൽ നിന്ന് വീടുകളിലേയ്ക്ക് മടങ്ങിയ കുടുംബങ്ങൾക്ക് വീട് ശുചീകരിക്കുന്നതിനുള്ള അണുനാശിനികളും ഏതാനും ദിവസത്തേക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കളും നൽകിയാണ് ഉദയനാപുരം പഞ്ചായത്ത് ക്യാമ്പ് വിട്ടവരെ യാത്രയാക്കിയത്. 

വെള്ളപ്പൊക്ക ദുരിതം ഏറ്റവും കൂടുതൽ ബാധിച്ച ഉദയനാപുരം പഞ്ചായത്തിലെ വല്ലകം സെൻ്റ് മേരീസ് സ്‌കൂളിലെ ക്യാമ്പിൽ നിന്ന് കുറച്ച് കുടുംബങ്ങൾ ബാക്കിയുള്ളവരെല്ലാം വീട്ടിലേക്ക് മടങ്ങി. വീട്ടിൽ നിന്ന് വെള്ളം ഇറങ്ങാത്തവരെ വല്ലകം പള്ളി പാരീഷ് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. തലയോലപറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ നിന്നും ഇന്നലെ 15 കുടുംബങ്ങൾ വീട്ടിലേയ്ക്ക് മടങ്ങി. വൈക്കത്ത് ഏറ്റവും ആദ്യം വെള്ളം കയറുന്ന വടയാർ മേഖലയിൽ നിന്ന് വെള്ളം ഇറങ്ങുന്നത് താമസമുണ്ടാകുന്ന സ്ഥിതിയായതിനാൽ ഇവരിൽ പലർക്കും വീട്ടിലേക്ക് പോകണമെങ്കിൽ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-46.jpg)

മറവൻതുരുത്ത് ഗവൺമെൻ്റ് യു.പി സ്‌കൂളിലെ ക്യാമ്പ് ഒഴിഞ്ഞിട്ടുണ്ട്. ഉദയനാപുരം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വീടുകളിലേക്ക് മടങ്ങിയവർക്ക് വീടും പരിസരവും കിണറുകളും വൃത്തിയാക്കുന്നതിനുള്ള ബ്ലീച്ചിങ് പൗഡറും അത്യാവശ്യം വേണ്ട അരി, പലചരക്ക്, പച്ചക്കറിയും വസ്ത്രങ്ങളും പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു വിതരണം ചെയ്തു. വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ജി. രഞ്ജിത്ത് രഞ്ജനാ സുനിൽ, പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, ജസീനാ ഷാജുദ്ദീൻ, അജിതാ മധുക്കുട്ടൻ, വി. ബിൻസ്, പി.ആർ. ദേവലാൽ, സാബു മാളിയേക്കൽ തുടങ്ങിയവരും കുടുംബങ്ങളെ യാത്രയാക്കാൻ എത്തിയിരുന്നു.