> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ
- URL: https://www.vaikomvartha.com/udayanapuram-news-6/
- Published: 2026-10-21T12:02:41.000Z
- Updated: 2026-10-21T12:02:41.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: ഉദയനാപുരത്ത് മൂവാറ്റുപുഴയാറിലും പരിസരത്തും വൻതോതിൽ മാലിന്യം തള്ളുന്നു. ഉദയനാപുരത്ത് മൂവാറ്റുപുഴയാറിൻ്റെ സമീപത്ത് തുരുത്തേപ്പറമ്പിൽ കഴിഞ്ഞരാത്രി ഒരു ലോഡ് അഴുകിയ ഹോട്ടൽ മാലിന്യമടക്കമുള്ളവയാണ് തള്ളിയത്. പുഴയിൽ തള്ളാൻ കൊണ്ടുവന്ന മാലിന്യമാണ് മഴയിൽ വാഹനം താഴ്ന്നതോടെ പറമ്പിൽ തള്ളി കടന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയ മാലിന്യം നീക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ. പഞ്ചായത്ത് അംഗങ്ങൾ നേരിട്ട് പറഞ്ഞിട്ടും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കാൻ തയ്യാറായില്ലെന്നാണ് പരാതി. 

അഴുകി ഈച്ചയാക്കുന്ന മാലിന്യം മഴയിൽ പ്രദേശമാകെ വ്യാപിക്കാനും പുഴയിലേക്ക് ഒഴുവാനും സാധ്യത ഏറെയാണ് എന്നിട്ടും പഞ്ചായത്ത് യാതൊരു നടപടിയും എടുക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഉൾപ്രദേശത്തെ പുഴയുടെ സമീപത്ത് കൂടിയുള്ള മനക്കേ കലുങ്ക് നാനാടം റോഡരുകിലാണ് തൈക്കാട്ട്ശ്ശേരിയിലെ ഒരു പള്ളി വക സ്ഥലത്ത് മാലിന്യം തള്ളിയതായി കണ്ടത്.  
രണ്ടാഴ്ചയിലധികമായി രാത്രിയിൽ ഇങ്ങനെ ലോഡ് കണക്കിനു മാലിന്യം ഇവിടെ മൂവാറ്റുപുഴയാറിൽ തള്ളുന്നതായി പ്രദേശവാസികൾ പറഞ്ഞു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-1.jpg)

ഇവരെ പിടികൂടാൻ നാട്ടുകാർ പദ്ധതിയിടുന്നതിനിടെയാണ് കഴിഞ്ഞ രാത്രിയിലെ കനത്ത മഴക്കിടെ ഇവ പറമ്പിൽ തള്ളിയത്. കൊല്ലത്ത് നിന്നുള്ള സ്ഥാപനങ്ങളുടെ രേഖകൾ മാലിന്യത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പള്ളിയുടെ സ്ഥലത്ത് ഒരാൾക്ക് കുടികിടപ്പ് കൊടുത്ത 10 സെൻ്റ് സ്ഥലത്താണ് മാലിന്യം ഇട്ട് കടന്നിരിക്കുന്നത്. ദുർഗന്ധം വമിച്ച് ഒഴുകി ഇറങ്ങുന്ന നിലയിലാണ് മാലിന്യം കിടക്കുന്നത്. ദുർഗന്ധം പരന്നതോടെ ഇതിനോട് ചേർന്നല്ലെങ്കിലും പ്രദേശത്തുള്ള 25 ഓളം വീട്ടുകാരും ബുദ്ധിമുട്ടിലായിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് ഈ പുഴയുടെ മറുകരയിലെ മറവന്തുരുത്ത് മൂഴിക്കൽ ഭാഗത്ത് വള്ളത്തിൽ ആശുപത്രി മാലിന്യങ്ങൾ അടക്കം തള്ളിയിരുന്നു. പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്തെത്തി മാലിന്യം തള്ളിയവരെ കണ്ടെത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഉച്ചകഴിഞ്ഞിട്ടും ദുർഗന്ധം കൂടുന്ന ഈ മാലിന്യം നീക്കാൻ നടപടി ഉണ്ടായിട്ടില്ല.