> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈദ്യുതി മുടങ്ങിയാൽ സേവനം മുടങ്ങുന്ന സർക്കാർ സ്ഥാപനം
- URL: https://www.vaikomvartha.com/udayanapuram-village-office/
- Published: 2026-06-24T11:12:27.000Z
- Updated: 2026-06-24T11:12:27.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: കറണ്ട് പണിമുടക്കിയാൽ പണിമുടങ്ങുന്ന ഒരു വില്ലേജ് ഓഫീസ് ഉണ്ട് വൈക്കം ഉദയനാപുരത്ത്. വല്ലകത്ത് പ്രവർത്തിക്കുന്ന ഉദയനാപുരം വില്ലേജ് ഓഫീസിലാണ് ഈ അവസ്ഥ. ഇന്ന് രാവിലെ മുതൽ ഈ വാർത്ത തയ്യാറാക്കുന്ന സമയം വരെ ഈ വില്ലേജ് ഓഫീസിൽ പണികൾ ഒന്നും നടക്കുന്നില്ല. കാരണം രാവിലെ മുതൽ ഇവിടെ വൈദ്യുതിയില്ല. ഇതാണ് മാസങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വില്ലേജ് ഓഫീസിന്റെ സ്ഥിതി. 

നിരവധി പേരാണ് കറണ്ട് ഇല്ലാത്തതിനാൽ കരമടയ്ക്കാനോ മറ്റോ രേഖകൾ ശരിയാക്കി വാങ്ങാനോ കഴിയാതെ മടങ്ങുന്നത്. നിലവിൽ ഡിജിറ്റൽ സർവേ കഴിഞ്ഞതിനാൽ ആദ്യത്തെ കരം അക്ഷയ കേന്ദ്രം വഴി അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജോലിക്കും മറ്റു പണികൾക്കും പോകാതെ കരമടയ്ക്കാനും മറ്റു രേഖകൾ ശരിയാക്കാനും എത്തുന്ന പ്രദേശവാസികളാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. നിലവിൽ വില്ലേജ് ഓഫീസ് ജോലികൾ മുഴുവൻ കമ്പ്യൂട്ടർ വഴി ആയതിനാൽ ഉദ്യോഗസ്ഥരും നിസ്സഹായരാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-8.jpg)

കേടായി അറ്റകുറ്റപ്പണി കഴിഞ്ഞു കൊണ്ടുവന്ന ബാറ്ററി സംവിധാനം ബന്ധിപ്പിക്കാനുള്ള അനുബന്ധ ഉപകരണം എത്തിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇത് എത്തിച്ചാൽ കറണ്ട് പോയാലും ഓഫീസ് പ്രവർത്തനം മുടങ്ങാതെ നടത്താൻ കഴിയുമെന്നിരിക്കുകയാണ് സർക്കാർ സംവിധാനത്തിന്റെ അനാസ്ഥ ഇവിടെ ഒരു നാടിന് ദുരിതമായി മാറുന്നത്. സർക്കാർ അടിയന്തര നടപടിയെടുത്ത് നാട്ടുകാരുടെ ദുരിതം ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്.