> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം
- URL: https://www.vaikomvartha.com/vaikathashtami-news-3/
- Published: 2026-10-17T06:25:04.000Z
- Updated: 2026-10-17T06:25:04.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Vaikom Featured 1, Breaking News

വൈക്കം: വൈക്കത്തഷ്ടമിയുടെ ചടങ്ങുകൾക്ക് പ്രാരംഭം കുറിക്കുന്ന പുള്ളി സന്ധ്യവേലയ്ക്ക് തുടക്കമായി. ആചാരനിറവിൽ പുള്ളി സന്ധ്യവേല ആദ്യദിനത്തിൽ ഭഗവാൻ ആനപ്പുറത്തെഴുന്നള്ളി. പ്രഭാത ശ്രീബലിയുടെ ഭാഗമായാണ് ഭഗവാന്റെ തിടമ്പ് ആനപ്പുറത്തെഴുന്നള്ളിച്ചത്. ഒന്നിടവിട്ട നാല് ദിവസങ്ങളിൽ നടക്കുന്ന പുള്ളി സന്ധ്യവേലയുടെ ആദ്യദിന ചടങ്ങിനാണ് ഇന്ന് തുടക്കമായത്. വിശേഷാൽ ചടങ്ങുകൾക്ക് ശേഷമായിരുന്നു ഭഗവാൻ്റെ എഴുന്നള്ളത്ത്. എട്ടുമണിയോടെ ഗജവീരൻ ദേവനാരായണൻ ഭഗവാന്റെ തിടമ്പേറ്റി. പുള്ളി സന്ധ്യാവേലയുടെ ശ്രീബലിക്ക് മൂന്ന് പ്രദക്ഷിണമാണ് നടത്തുന്നത്. ആദ്യപ്രദക്ഷണത്തിൽ നാഗസ്വരമേളം അകമ്പടിയായപ്പോൾ രണ്ടാം പ്രദക്ഷിണത്തിൽ ചെണ്ടമേളവും മൂന്നാമത്തെ പ്രദക്ഷിണത്തിൽ അനുഷ്ഠാന വാദ്യങ്ങളും അകമ്പടിയായി. ഓലക്കുടയും ചൂടി കുത്ത് വിളക്കുമായുള്ള അകമ്പടിയും ആചാര തനിമയായി. 

ക്ഷേത്ര അഡ്‌മിനിട്രേറ്റീവ് ഓഫിസർ എസ്. വിമൽകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് നടന്നത്. വൈകിട്ട് നടക്കുന്ന വിളക്ക് എഴുന്നള്ളിപ്പും ആനപ്പുറത്താണ് നടക്കുക. രാജ ഭരണകാലത്ത് സമീപ പ്രദേശങ്ങൾ യുദ്ധത്തിൽ പിടിച്ചെടുത്തപ്പോൾ മരണപ്പെട്ട അവകാശികളില്ലാതിരുന്ന പടയാളികളുടെ കുടിശിക ശമ്പളത്തിൻ്റെ പലിശ കൊണ്ട് ഉത്സവത്തിന് മുന്നോടിയായി എല്ലാ വർഷവും ഒന്നിടവിട്ട നാല് ദിവസങ്ങളിലായി നടത്തിയിരുന്ന ചടങ്ങാണ് പുള്ളി സന്ധ്യവേല. നിലവിൽ ദേവസ്വത്തിന്റെ ചുമതലയിലാണ് ഈ ചടങ്ങ് നടക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000755989-4.jpg)

23നാണ് പുള്ളി സന്ധ്യവേല അവസാനിക്കുന്നത്. ആദ്യദിനത്തിലെ പുള്ളി സന്ധ്യവേല എഴുന്നള്ളിപ്പ് ദർശിക്കാൻ നൂറുകണക്കിന് ഭക്തർ എത്തി. 25നാണ് മുഖസന്ധ്യവേല തുടങ്ങുക. നവംബർ 20നാണ് അഷ്‌ടമി കൊടിയേറുന്നത്. ഡിസംബർ ഒന്നിനാണ് വൈക്കത്തഷ്ടമി.