> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം മഹാദേവക്ഷേത്രം
- URL: https://www.vaikomvartha.com/vaikkn-mhaadeevksseetrn/
- Published: 2026-09-27T05:36:16.000Z
- Updated: 2026-09-27T05:37:58.000Z
- Description: കെ. കൃഷ്ണകുമാർ
- Author:  Vaikom Vartha News Desk
- Tags: Around vaikom

ഭക്തിയുടെ പ്രകാശവും പ്രകൃതിയുടെ ശാന്തതയും സമ്മേളിക്കുന്ന പുണ്യസങ്കേതമാണ് 'തെക്കൻ കാശി' എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രം. ഓരോ തീർത്ഥാടകന്റെയും ഉള്ളിൽ ആത്മീയതയുടെ ദിവ്യജ്വാല കൊളുത്തുന്ന തിരുമുറ്റമാണിത്. തപ്തനിമിഷങ്ങളിൽ നിന്ന് ആശ്വാസത്തിന്റെ തണലിലേക്ക് നടക്കുന്ന ഭക്തമനസ്സ് ഇവിടെ അപൂർവ്വമായൊരു അനുഭൂതിയിൽ അലിയുന്നു.

നാലമ്പലത്തിനുളളിലേക്ക് കയറുമ്പോൾ തന്നെ, കേവല ഭൗതികചിന്തകൾ മരവിച്ച്, ഉള്ളിൽ പുതിയൊരു ഉണർവ് ജനിക്കുകയായി. ദീപങ്ങളുടെ പ്രഭയിലും ധൂപഗന്ധത്തിലും മുങ്ങിനിൽക്കുന്ന ശ്രീകോവിലിനു മുന്നിൽ നിൽക്കുമ്പോൾ, ജന്മജന്മാന്തരങ്ങളുടെ പാപഭാരങ്ങളെല്ലാം ഇല്ലാതാകുന്നു. തന്നിലേക്ക് തന്നെ ചുരുങ്ങുന്ന ആ നിമിഷങ്ങളിൽ, മനസ്സ് പ്രണവമന്ത്രം പോലെ പവിത്രമാകുന്നു.

തന്റെ സകലവിധ ദുഃഖങ്ങളും ആധികളും ആകുലതകളും ആ തിരുനടയിൽ നിശ്ശബ്ദമായി സമർപ്പിച്ച്, മഹാദേവന്റെ മനോഹരമായ ദിവ്യരൂപം ധ്യാനിച്ച് പുറത്തേക്കിറങ്ങുന്ന ഭക്തന്റെ മുഖത്ത് പ്രതിഫലിക്കുന്നത് കേവലമായ സന്തോഷമല്ല; മറിച്ച് ആത്മീയമായ നിർവൃതിയുടെ പ്രകാശമാണ്.

തലമുറകളുടെ പാദസ്പർശമേറ്റ് പുണ്യമായ മണൽത്തരികളിൽ, കാറ്റിന്റെ കുളിരേറ്റ് കുറച്ചുനേരം ഇരിക്കുമ്പോൾ മനസ്സിലേക്ക് ഒഴുകിയെത്തുന്ന ആ സമാധാനം വാക്കുകൾക്ക് അതീതമാണ്.

അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ തിരുമുറ്റത്ത് വിളമ്പുന്ന പാവനമായ പ്രാതൽ പ്രസാദം സ്വീകരിച്ച് മടങ്ങുമ്പോൾ വയർ മാത്രമല്ല, ഭക്തന്റെ ആത്മാവ് തന്നെയും നിറഞ്ഞു കവിയുന്നു. തിരുനടയിൽ നിന്ന് ലഭിച്ച ശാന്തത ജീവിതത്തിലെ ഇരുളകറ്റുന്ന വിളക്കായി കൂടെക്കൂട്ടിക്കൊണ്ടാണ് ഓരോ ഭക്തനും ഈ പുണ്യഭൂമിയോട് വിടപറയുന്നത്.