> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് ഉടൻ നടപ്പാക്കുന്ന പദ്ധതികൾ
- URL: https://www.vaikomvartha.com/vaikktt-utt-nttppaakkunn-pddhtik/
- Published: 2026-02-13T17:27:49.000Z
- Updated: 2026-02-13T17:27:49.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

***വൈക്കം വാർത്ത എക്സ്ക്ലൂസീവ്***

**എസ്. സതീഷ്കുമാർ** 

വൈക്കം: കായലോര ബീച്ചിലും സമീപ കായലിടുക്കിലും സൗന്ദര്യവൽക്കരണം നടത്തി വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കാൻ വൈക്കം നഗരസഭ തീരുമാനം. കെ.ടി.ഡി.സിക്ക് സമീപമുള്ള കായലിടുക്ക് ആഴം കൂട്ടാൻ 10 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ വൈക്കം വാർത്തക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

0:00 

/4:42 

1× 

ആഴം കൂട്ടുന്ന കായലിൽ പെഡൽ ബോട്ടുകളും പാർക്കിംഗ് സൗകര്യവും ഒരുക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്പോൺസർമാർ മുഖേന ബീച്ചിൽ സൗന്ദര്യവൽക്കരണം നടത്തി 65 എൽ.ഇ.ഡി ലൈറ്റുകൾ ഉടൻ സ്ഥാപിക്കും. ഇത് രണ്ടാഴ്ചക്കകം നടപ്പാക്കും. ബീച്ചിൽ ഓപ്പൺ ജിം സ്ഥാപിക്കാനും തീരുമാനിച്ചതായി ചെയർമാൻ പറഞ്ഞു. സി.കെ. ആശ എം.എൽ.എ ആവശ്യപ്പെട്ടതനുസരിച്ച് 9 കോടിയുടെ പദ്ധതി ആശുപത്രിക്ക് പിൻഭാഗത്ത് കാടുപിടിച്ച കായൽ പ്രദേശത്ത് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി പാർക്കിലൂടെ പ്രദേശത്തേക്ക് വഴിക്കായി സ്ഥലം നൽകുന്നതടക്കം അടുത്ത കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. പുതിയ സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ കിഴക്കേ നടയിൽ ഫയർസ്റ്റേഷന് സമീപത്ത് 50 സെൻ്റ് സ്ഥലം വിട്ടു നൽകാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. നഗരം മോടി പിടിപ്പിച്ച് ആസ്തികൾ സംരക്ഷിക്കാനും നടപടിയുണ്ടാകും. നൂറുശതമാനം നികുതി ആദ്യം അടക്കുന്ന വാർഡിന് 5 ലക്ഷം രൂപയുടെ അധിക പദ്ധതി വിഹിതം നൽകാനും പിഴ പലിശ ഒഴിവാക്കി നികുതി അടക്കാൻ മാർച്ച് 31 വരെ സൗകര്യമൊരുക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ആയ്യൂർവ്വേദ ആശുപത്രിയിൽ കുടിവെള്ള ടാങ്കിനായി 15 ലക്ഷവും വയറിംഗ്, പ്ലംബിംഗ് നടത്താൻ അഞ്ചര ലക്ഷം രൂപയും അനുവദിച്ചതായും ചെയർമാൻ അറിയിച്ചു. ബീച്ചിലെ വള്ളക്കടവ് നവീകരിക്കാനും കാടുപിടിച്ചു കിടക്കുന്ന ബാക്കി പ്രദേശത്ത് ആശുപത്രി കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾ നിക്ഷേപിച്ച് നികത്തുമെന്നും അബ്ദുസ്സലാം റാവുത്തർ പറഞ്ഞു. നഗരസഭയ്ക്ക് യാതൊരു ചെലവുമില്ലാതെയാണ് ബീച്ചിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്നും നഗരസഭാ ചെയർമാൻ പറയുന്നു.