> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ബീച്ചിൽ വഴിയിടം പദ്ധതി; ആധുനിക ടോയ്‌ലറ്റ് സമുച്ചയം ഒരുങ്ങുന്നു
- URL: https://www.vaikomvartha.com/vaikom-beach/
- Published: 2026-06-25T14:16:53.000Z
- Updated: 2026-06-25T14:16:53.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: വൈക്കം ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ വഴിയിടം (ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ്) നിർമ്മിക്കാൻ വൈക്കം നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭയും സ്വച്ഛ് ഭാരത് മിഷൻ അർബൻ ഫണ്ടും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭ ചെയർപേഴ്സൺ അബ്ദുൾസലാം റാവുത്തറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. 50 ലക്ഷം രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 20 സീറ്റുകളോടുകൂടിയ ആധുനിക ടോയ്‌ലറ്റ് സമുച്ചയമാണ് നിർമ്മിക്കുന്നത്. ഇതിൽ പുരുഷന്മാർക്കായി 10 സീറ്റുകളും സ്ത്രീകൾക്കായി 10 സീറ്റുകളും ഉൾപ്പെടുന്നതോടൊപ്പം സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഫീഡിങ് റൂമും പദ്ധതിയുടെ ഭാഗമായി ഒരുക്കും. വൈക്കം ബീച്ചിലെത്തുന്ന യാത്രക്കാർക്കും സന്ദർശകർക്കും മെച്ചപ്പെട്ട ശുചിത്വ സംവിധാനവും അടിസ്ഥാന സൗകര്യവും ഒരുക്കാൻ പദ്ധതി സഹായകമാകുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.

**പുതിയ ടോയ്ലറ്റ് സമുച്ചയത്തിന് സംരക്ഷണം ഒരുക്കണം**

ബീച്ചിൽ നഗരസഭ പണികഴിപ്പിക്കാനുദ്ദേശിക്കുന്ന ടോയ്ലറ്റ് സമുച്ചയത്തിന് സി.സി.ടി.വി കാമറയടക്കം സുരക്ഷ ഒരുക്കണമെന്ന നിർദ്ദേശം ജനങ്ങളിൽ നിന്നും ഉയരുന്നു. ബീച്ചിൽ അടുത്തിടെ പണിത ടോയ്ലറ്റിലെ ക്ലോസറ്റും ഫ്ലഷ് ടാങ്കും ടാപ്പുകളുമെല്ലാം പല തവണയാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. ഓരോ തവണയും നഗരസഭ ഇവ നക്കാക്കി അടുത്ത ദിവസം തന്നെ വീണ്ടും നശിപ്പിക്കപ്പെടുകയായിരുന്നു.