> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു
- URL: https://www.vaikomvartha.com/vaikom-chempu-news/
- Published: 2026-08-08T13:30:28.000Z
- Updated: 2026-08-10T07:39:12.000Z
- Description: വൈക്കം: ചെമ്പ് കാട്ടിക്കുന്ന് തുരുത്തിൽ വൈദ്യുതി കമ്പി പൊട്ടിവീണ് രണ്ടു കുട്ടികൾക്ക് ഷോക്കേറ്റു
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: ചെമ്പ് കാട്ടിക്കുന്ന് തുരുത്തിൽ വൈദ്യുതി കമ്പി പൊട്ടിവീണ് രണ്ട് കുട്ടികൾക്ക് ഷോക്കേറ്റു.കാട്ടിക്കുന്ന് ചിറ്റേത്തറ സുബിൻ, നിമ്മി ദമ്പതികളുടെ മക്കളായ ശ്രീഹരി (12), സഹോദരൻ കാശിനാഥ് (9) എന്നിവർക്കാണ് ഷോക്കേറ്റത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. വീടിന് സമീപത്തെ വഴിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മേൽ വൈദ്യുതി കമ്പി പൊട്ടിവീഴുകയായിരുന്നു. കാശിനാഥനാണ് ആദ്യം ഷോക്കേറ്റത്. ഇത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശ്രീഹരിക്ക് ഷോക്കേറ്റത്. ശ്രീഹരിയുടെ കാൽ മുട്ടിന് താഴെ പൊള്ളലേറ്റ നിലയിലാണ്. കാശിനാഥന് ഷോക്കേറ്റെങ്കിലും പരിക്കില്ല. 

കാട്ടിക്കുന്ന് തുരുത്തിൽ വൈദ്യുതി ലൈനുകൾ പലതും മാസങ്ങളായി അപകടകരമായാണ് ഉള്ളത് എന്ന് നാട്ടുകാർ പറഞ്ഞു. റോഡിലെ പല ലൈനുകളിലും ഓലകൾ വീണു കിടക്കുകയാണ്. ചെമ്പ് വൈദ്യുതി ഓഫീസിന് കീഴിലാണ് ഈ പ്രദേശം. സ്ഥലത്തെ അപകടസ്ഥിതി അറിയിച്ചാലും ആരും എത്താറില്ല എന്നാണ് പരാതി. ഓലമടൽ വീണ് കമ്പിയിൽ തീപ്പൊരി ഉണ്ടാകുന്നത് ദൃശ്യങ്ങൾ അടക്കം കെ.എസ്.ഇ.ബിയുടെ ചെമ്പ് വാട്സാപ്പ് ഗ്രൂപ്പിൽ നാട്ടുകാർ പങ്കുവെച്ച് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല.സമാന രീതിയിലാണ് ഇന്നും അപകടമുണ്ടായത്. ഓല വീണ് കിടന്ന കമ്പിയാണ് ഇതിനു സമീപം കളിച്ചിരുന്ന കുട്ടിയുടെ മേൽ വീണത്. കുട്ടികൾക്ക് ഷോക്കേറ്റത് കണ്ട സമീപവാസികൾ ഒടിയെത്തി കമ്പുകൊണ്ട് കമ്പി തട്ടിമാറ്റിയാണ് രക്ഷപ്പെടുത്തിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-42.jpg)

കാട്ടിക്കുന്ന് പ്രദേശത്തെ വൈദ്യുതി കമ്പികളിലെ അപകടാവസ്ഥ ഒഴിവാക്കാൻ നടപടി വേണമെന്നും അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നാട്ടുകർ ആവശ്യപ്പെട്ടു. പരിക്കേറ്റ കുട്ടികളെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൻ്റെ മാനസിക ആഘാതത്തിൽ ആണെങ്കിലും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.