> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് അഭിഭാഷകരുടെ കോടതി ബഹിഷ്ക്കരണ പ്രതിഷേധം
- URL: https://www.vaikomvartha.com/vaikom-court-news/
- Published: 2026-07-14T10:10:41.000Z
- Updated: 2026-07-14T10:10:41.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കം കോടതിയുടെ അധികാരപരിധി കുറച്ച് കല്ലറയിലെ പുതിയ പോലീസ് സ്റ്റേഷൻ ഏറ്റുമാനൂർ കോടതി പരിധിയിലാക്കിയതിലായിരുന്നു അഭിഭാഷകരുടെ ഏകദിന കോടതി ബഹിഷ്‌കരണം നടന്നത്. വൈക്കം എം.എൽ.എ കെ. ബിനിമോനും ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമടക്കം രാഷ്ട്രീയ ദേദമില്ലാതെ ജനപ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുത്തു.

വെച്ചൂർ, കല്ലറ പഞ്ചായത്തുകളെയടക്കം കല്ലറ പോലീസ് സ്റ്റേഷന്റെ ഭാഗമാക്കുകയും എന്നാൽ വൈക്കം താലൂക്കിൽ സ്ഥിതി ചെയ്യുന്ന കല്ലറ പോലീസ് സ്റ്റേഷൻ ഏറ്റുമാനൂർ കോടതിയുടെ പരിധിയിലേക്ക് മാറ്റുകയും ചെയ്ത നടപടി പുനഃ പരിശോധിക്കണമെന്നാണ് ആവശ്യം. കാലക്രമേണ വികസിക്കേണ്ട ആദ്യകാല വൈക്കം കോടതിയുടെ അധികാരപരിധി കുറയുന്ന സ്ഥിതിയാണ് നിലവിലെ തീരുമാനം സൃഷ്ടിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈക്കം കോടതിയുടെ അധികാര പരിധിയിലുണ്ടായിരുന്ന ഭൂരിഭാഗവും സ്ഥലങ്ങളും കല്ലറ പോലീസ് സ്റ്റേഷന്റെ കീഴിലാക്കിയത്. ഇതുമൂലം വൈക്കത്തുകാർക്കും അഭിഭാഷകർക്കും മാത്രമല്ല അവരെ ആശ്രയിക്കുന്ന ജീവനക്കാരെയും ദുരിതത്തിലാക്കുമെന്നാണ് പരാതി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-6.jpg)

നിലവിൽ ഉദയനാപുരം പഞ്ചായത്തിൽ നാനാടത്ത് ഗ്രാമ ന്യായാലയം തുടങ്ങിയതോടെ വൈക്കം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്രദേശങ്ങളിലെ നിരവധി കേസുകൾ അവിടേക്ക് മാറി. മാത്രവുമല്ല വൈക്കത്ത് രണ്ട് കോടതികളും അനുബന്ധ ഓഫീസുകളും പ്രവർത്തിക്കാനുള്ള സൗകര്യവും നിലവിലുണ്ട്. എന്നിട്ടും കുടുംബ കോടതി അടക്കം ഉള്ള സംവിധാനങ്ങൾ ഏറ്റുമാനൂരാണ് പ്രവർത്തിക്കുന്നതെന്നും കല്ലറ പോലീസ് കോടതി പരിധി വൈക്കം കോടതിയിലേക്കാക്കി മാറ്റണമെന്നുമാണ് ജനപ്രതിനിധികളുടെയടക്കം ആവശ്യം. വൈക്കം എം.എൽ.എയും ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റും നഗരസഭ ചെയർമാനും വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റും പഞ്ചായത്ത് അംഗങ്ങളുമടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ ഭേദമില്ലാതെയാണ് ഈ ആവശ്യത്തിനു പിന്തുണയുമായി അഭിഭാഷകരുടെ പ്രതിഷേധത്തിനെത്തിയത്. കോടതി സമുച്ചയത്തിന് മുൻമ്പിൽ നടന്ന പ്രതിഷേധ യോഗം കെ ബിനിമോൻ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ മധു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ ശശികുമാർ, വെച്ചൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു അജിത്, മുനിസിപ്പൽ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഗീതാ സോമൻ, വെച്ചൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഭിഷേക് എന്നീ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മോഹൻ ഡി. ബാബു, സി.പി.എം ഏരിയ സെക്രട്ടറി പി. ശശിധരൻ, സി.പി.ഐ മണ്ഡലം പ്രസിഡൻ്റ് എം.ഡി ബാബുരാജ് എന്നിവരുമാണ് പ്രതിഷേധ സമ്മേളനത്തിന് പിന്തുണയുമായി എത്തിയത്. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോബി വർഗീസ്, ക്ലാർക്ക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ അശോക് കുമാർ, സീനിയർ അഭിഭാഷകരായ എം.പി മുരളീധരൻ, കെ.ആർ അനിൽകുമാർ, പി.എസ് രഞ്ജിത്, പി.ആർ പ്രമോദ്, കെ. പ്രസന്നൻ, ആർ. ഗഗനൻ, കെ കൃഷ്ണകുമാർ, എ. മനാഫ്, സ്മിത സോമൻ, അനിൽകുമാർ വി.പി, ജോർജ് ജോസഫ്, കെ.എ ഷൈല എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ബാർ അസോസിയേഷൻ സെക്രട്ടറി എം.ജി രഞ്ജിത് ചടങ്ങിന് സ്വാഗതവും ജോയിന്റ് സെക്രട്ടറി ആഷിഖ്അഷറഫ് നന്ദിയും പറഞ്ഞു.