> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം-എറണാകുളം റോഡിലെ വെള്ളക്കെട്ട് അപകടകാരണമാകുന്നു
- URL: https://www.vaikomvartha.com/vaikom-ekm-roadil-vellakettu/
- Published: 2026-05-30T06:07:49.000Z
- Updated: 2026-05-30T06:07:49.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: പൊതുമരാമത്ത് വകുപ്പിന്റെയും നഗരസഭയുടെയും അനാസ്ഥ മൂലം വൈക്കം എറണാകുളം റോഡിലെ വെള്ളക്കെട്ട് അപകടകാരണമാകുന്നു. റോഡ് അരികിൽ പണിയുന്ന കെട്ടിടങ്ങളിലെ മഴ വെള്ളം റോഡിലേക്ക് ഒഴുക്കുന്ന രീതിയിലാണ് ഇവിടെ നിർമ്മാണങ്ങൾ നടക്കുന്നത്. 

0:00 

/1:15 

1× 

പൊതുമരാമത്ത് വകുപ്പ് അശാസ്ത്രീയമായി പണിത ഓടകളും ഇവിടെ വെള്ളക്കെട്ടിന് കാരണമാകുന്നു. ഒരു മഴ പെയ്താൽ തന്നെ റോഡ് പലഭാഗങ്ങളിലും വെള്ളത്തിൽ മൂടുന്നസ്ഥിതിയാണ്. കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടുന്നത്. ഇന്നലെ പെയ്ത മഴയിൽ നാഗംമ്പൂഴികാവിനു സമീപം കഴിഞ്ഞ ദിവസം ശുചീകരിച്ച ഓട നിറഞ്ഞ വെള്ളക്കെട്ട് രൂപപ്പെട്ട ദൃശ്യങ്ങളാണിത്. ഇവിടെ റോഡിൻ്റെ താഴ്ന്ന ഭാഗത്ത് നിർമ്മിച്ചിരിക്കുന്ന ഓടയിലെ വെള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാത്ത സ്ഥിതിയിലാണ്. ഇവിടെ നിർമ്മിച്ചിരിക്കുന്ന കലുങ്കിനടിയിലുള്ള ഓവും അടഞ്ഞ നിലയിലാണ്. മാത്രവുമല്ല താഴ്ന്ന ഭാഗത്തുനിന്ന് ഉയർന്ന ഭാഗത്തെ ഓടയിലേക്ക് ഈ കലുങ്ക് വഴി വെള്ളം ഒഴുകുന്ന രീതിയിലാണ് നിർമ്മാണം നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഏറെ തിരക്കേറിയ സംസ്ഥാനപാതയായ വൈക്കം എറണാകുളം റോഡിലാണ് അധികാരികളുടെ അനാസ്ഥ മൂലം ഈ അപകടസ്ഥിതി ഉണ്ടാകുന്നത്. ഇപ്പോഴും നിർമ്മാണം പൂർത്തിയാകുന്ന പല വ്യാപാര മന്ദിരങ്ങളിലെയും വെള്ളം റോഡിലേക്ക് ഒഴുക്കുന്ന രീതിയിലാണ് നിർമിതികൾ.ഇത് പരിശോധിച്ച് നടപടിയെടുക്കാനോ പ്രശ്നപരിഹാരം കാണാനോ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ തയ്യാറാകുന്നില്ല എന്നതാണ് കുറ്റകരമായ അനാസ്ഥ. ഇവിടെ മാത്രമല്ല കാളി കുളത്തിന് സമീപവും പിതൃകുന്നം ക്ഷേത്രത്തിന് സമീപവും സമാന സ്ഥിതിയാണ് ഉള്ളത്.