> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പോളിയോ തുള്ളിമരുന്ന് നൽകാനെത്തിയ കുടുംബത്തോട് പാർക്കിംഗ് ഫീസ് ചോദിച്ച് തർക്കം; മരുന്ന് നൽകാതെ മടങ്ങി
- URL: https://www.vaikomvartha.com/vaikom-govt-hospital-5/
- Published: 2026-06-28T06:15:03.000Z
- Updated: 2026-06-28T06:42:54.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ കുട്ടിക്ക് പോളിയോ തുള്ളി മരുന്ന് കൊടുക്കാൻ എത്തിയ കുടുംബത്തോട് പാർക്കിംഗ് ഫീസ് ആവശ്യപ്പെട്ടതിൽ പരാതി. വൈക്കം തെക്കേനട ശിവപാർവ്വതിയിൽ സി.കെ. സുനുവിനും കുടുംബത്തിനും ആണ് ദുരനുഭവം ഉണ്ടായത്. രാവിലെ 10 മണിയോടെയാണ് നാലര വയസ്സുള്ള കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് കൊടുക്കാനായി കാറിൽ സുനുവും അമ്മയും കുട്ടിയുമായി ആശുപത്രിയിൽ എത്തിയത്. എന്നാൽ പാർക്കിംഗ് ഫീസ് അടയ്ക്കാതെ കാർ പാർക്ക് ചെയ്യാൻ സമ്മതിക്കില്ലെന്ന് ആയിരുന്നു ചുമതലയിൽ ഉണ്ടായിരുന്ന വനിതയുടെ മറുപടി. പാർക്കിംഗ് ഫീസ് നൽകിയില്ലെങ്കിൽ ഇവിടെ തുള്ളി മരുന്ന് കൊടുക്കാൻ പറ്റില്ലെന്നും വേറെ എവിടെയെങ്കിലും പോയി കൊടുക്കാനും പറഞ്ഞതായാണ് സുനു പറയുന്നത്. പരാതി പറയുമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോ എന്ന് പറഞ്ഞ് ധിക്കാരപരമായി പെരുമാറി എന്നും കുടുംബം പറയുന്നു. പോളിയോ മരുന്ന് നൽകാൻ വന്നതാണെന്നും പെട്ടെന്ന് മടങ്ങും എന്ന് അറിയിച്ചിട്ടും ധിക്കാരപരമായി പെരുമാറി എന്നാണ് പരാതി. തുടർന്ന് കുടുംബം കുട്ടിക്ക് ആശുപത്രിയിൽ നിന്ന് തുള്ളിമരുന്ന് കൊടുക്കാതെ മടങ്ങുകയായിരുന്നു. മറ്റൊരു കേന്ദ്രത്തിൽ കുട്ടിയെ എത്തിച്ചാണ് കുടുംബവും കുട്ടിക്ക് തുള്ളി മരുന്ന് കൊടുത്തത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിക്കും ഡി.എം.ഒക്കും സൂപ്രണ്ടിനും പരാതി നൽകുമെന്ന് ദുരനുഭവം നേരിട്ട സുനു പറഞ്ഞു. വിഷയം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കൗൺസിലിൽ ചർച്ച ചെയ്ത് ആശുപത്രിയിലെ പാർക്കിംഗ് ഫീസിനെ പറ്റിയുള്ള പരാതി പരിഹരിക്കുമെന്നും നഗരസഭ അംഗം എം.കെ മഹേഷ് അറിയിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-24.jpg)