> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാലിന്യം നിറഞ്ഞ് കരിയർ; അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീതി: അധികൃതർ പരിശോധന നടത്തി
- URL: https://www.vaikomvartha.com/vaikom-katiyar-malinyam/
- Published: 2026-06-15T11:24:28.000Z
- Updated: 2026-06-15T12:46:20.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: കരിയറിൽ വലിയാനപുഴ ഭാഗത്തടക്കം വൻതോതിൽ പുൽക്കട്ടുകളും മാലിന്യവും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്നത് പരിഹരിക്കാൻ പ്രാഥമിക പരിശോധന നടത്തി. മാധ്യമ വാർത്തകളെ തുടർന്ന് വൈക്കം എം.എൽ.എ കെ.  
ബിനിമോന്റെയും നഗരസഭാ അധ്യക്ഷൻ അബ്ദുൾ സലാം റാവുത്തറുടേയും നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പുൽക്കെട്ടുകളും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സാധ്യമാക്കാനുള്ള പദ്ധതി തയ്യാറാക്കി സർക്കാരിന് നൽകുമെന്ന് എം.എൽ.എ അറിയിച്ചു. ഇവിടെ നീരൊഴുക്ക് തടസ്സപ്പെടുന്നതിനാൽ അപ്പർ കുട്ടനാടൻ മേഖലയിലെ കൃഷിയിടങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. 

കൂടാതെ ഉദയനാപുരം തലയാഴം കല്ലറ പഞ്ചായത്തുകളിലും നഗരസഭയുടെ കിഴക്കൻ മേഖലകളിലും മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാവുകയും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുന്നു എന്നാണ് പരാതി ഉയർന്നത്. മാസങ്ങൾക്കു മുമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 10 ലക്ഷം രൂപ മുടക്കി പുൽക്കെട്ടുകൾ നീക്കിയെങ്കിലും വീണ്ടും പുഴയിൽ മാലിന്യം നിറഞ്ഞതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. എന്നാൽ നിലവിൽ താൽക്കാലിക പരിഹാരത്തിനാണ് ശ്രമം നടക്കുന്നതെന്നും ഇടുങ്ങിയ വല്യാനപ്പുഴ പാലത്തിൻറെ താഴെ നീരൊഴുക്ക് സാധ്യമാക്കി ശാശ്വത പരിഹാരം വേണമെന്ന് ആണ് ആവശ്യം ഉയരുന്നത്. എന്നാൽ പാലം പൊളിച്ച് വീതി കൂട്ടി നീരൊഴുക്ക് സാധ്യമാക്കുക എന്നത് നിലവിൽ അപ്രായോഗികമാണെന്നും പിന്നീട് ആലോചിക്കാം എന്നുമാണ് എം.എൽ.എയുടെ വിശദീകരണം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566140-29.jpg)

നിലവിലെ വലിയ ആലപ്പുഴ പാലത്തിൻ്റെ നിർമാണത്തിൽ ഉണ്ടായ അപാകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് നീരൊഴുക്കിന് തടസ്സമാവുന്നതായും കണ്ടെത്തിയിട്ടുണ്ട്. മേജർ ഇറിഗേഷൻ അസിസ്റ്റൻറ് എഞ്ചിനീയർ കെ.ആർ രാജലക്ഷ്മി, ഓവർസിയർ എം.എസ് ഷീന എന്നിവരും ജനപ്രതിനിധികൾക്കൊപ്പം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇവർ തയ്യാറാക്കി നൽകുന്ന പദ്ധതിയാവും സർക്കാരിന് സമർപ്പിക്കുക.