> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു
- URL: https://www.vaikomvartha.com/vaikom-kottayam-news/
- Published: 2026-08-03T11:13:42.000Z
- Updated: 2026-08-03T11:13:42.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കത്തെ ആയുർവ്വേദ ആശുപത്രി - മടിയത്തറ റോഡ് ഇങ്ങനെ നാട്ടുകാരുടെ നടുവൊടിക്കുമ്പോൾ നഗരസഭ ജനപ്രതിനിധികളുടെയും മുൻ ജനപ്രതിനിധികളുടേയും പരസ്പരം കുറ്റപ്പെടുത്തൽ മാത്രമാണ് മുറക്ക് ഉയരുന്നത്. പദ്ധതി അംഗീകാരം കിട്ടാത്തതും മുൻ ജനപ്രതിനിധികളുടെയും അടക്കം വീഴ്ചയാണ് റോഡിൻ്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് നഗരസഭ ചെയർമാൻ പറയുമ്പോൾ മുൻ നഗരസഭാ ഭരണ സമിതി ഫണ്ട് ലാപ്സ് ആക്കി എന്നാണ് പുതിയ വെളിപ്പെടുത്തൽ. 

മുൻ നഗരസഭാ വാർഡ് അംഗം അശോകൻ വെള്ളവേലിയാണ് മുൻ ഭരണസമിതിയുടെ വീഴ്ച ചൂണ്ടിക്കാട്ടിരംഗത്ത് എത്തിയത്. രണ്ടു നഗരസഭാ വാർഡുകളുടെ അതിർത്തിയുടെ പോകുന്ന ആയ്യുർവ്വേദ ആശുപത്രി റോഡ്, മുൻ 23 വാർഡായിരുന്ന  
നിലവിലെ ഇരുപത്തിയഞ്ചാം വാർഡിലെ അംഗമായിരുന്നു ഫണ്ട് അനുവദിപ്പിച്ച് നന്നാക്കിയിരുന്നത്. അന്തരിച്ച ഇരുപത്തി മൂന്നാം വാർഡ് അംഗമായിരുന്ന സുശീല എം നായർ 2025-26 പദ്ധതിയിൽ 3,34,000 രൂപ അനുവദിച്ച് റോഡ് പണിക്ക് ടെൻഡർ വിളിച്ചതാണ്. എന്നാൽ മുൻ നഗരസഭാ ഭരണസമിതി റീ ടെൻഡർ നടത്താതെ ഫണ്ട് ലാപ്സാക്കി എന്നാണ് അശോകൻ വെള്ളവേലിയുടെ ആരോപണം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-9.jpg)

വസ്തുതകൾ മറച്ചുവെച്ച് തെറ്റിദ്ധാരണ പരത്താനാണ് നഗരസഭാ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ശ്രമിക്കുന്നതെന്നും മുൻ നഗരസഭാംഗം കുറ്റപ്പെടുത്തി. ആക്ഷേപവും പരിഹാസവും മുറക്ക് നടക്കുമ്പോഴും റോഡ് നന്നാക്കാൻ മാത്രം നടപടി ഉണ്ടാകുന്നില്ല എന്നതാണ് ഖേദകരം. ഈ റോഡ് യാത്ര ആയ്യുർവ്വേദ ആശുപത്രിയിലേക്ക് ആയതുകൊണ്ട് ഒരു തിരുമ്മ് ചികിത്സയ്ക്ക് എങ്കിലും നഗരസഭ വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ പരിഹാസം.