> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പഴയ ചെരുപ്പ് കേന്ദ്രം പാമ്പുകളുടെ താവളം: നടപടി വേണമെന്ന് ഓട്ടോ തൊഴിലാളികളും നാട്ടുകാരും
- URL: https://www.vaikomvartha.com/vaikom-mahadeva-temple-6/
- Published: 2026-09-11T11:31:22.000Z
- Updated: 2026-09-12T05:27:26.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: വൈക്കം ക്ഷേത്ര പടിഞ്ഞാറേ ഗോപുരത്തിന് ചേർന്ന് റോഡ് അരികിൽ സ്ഥാപിച്ചിരിക്കുന്ന ക്ഷേത്ര ദേവസ്വം ചെരുപ്പ് സൂക്ഷിപ്പ്‌കേന്ദ്രത്തിൽ വിഷപ്പാമ്പുകൾ. ഇന്ന് രാവിലെ നഗരസഭാ ശുചീകരണ വനിത തൊഴിലാളികളടക്കം ഇതിന് സമീപത്ത് കൂട്ടിയിട്ടിരുന്ന ചവറ് വാരുന്നതിനിടെയാണ് ചവറിൽ വലിയ അണലിയെ കണ്ടത്. 

പാമ്പ് ചീറിയടുത്തെങ്കിലും തൊഴിലാളികൾ ചാടി മാറിയതിനാൽ ആണ് രക്ഷപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ചെരിപ്പ് സൂക്ഷിക്കുക കേന്ദ്രത്തിലെ മാലിന്യത്തിനിടയിൽ നിരവധി അണലി കുഞ്ഞുങ്ങളെ കണ്ടത്. ഇവ ക്ഷേത്രഗോപുര പടികെട്ടിനടിയിലെ ദ്വാരത്തിലേക്ക് കയറി പോവുകയും ചെയ്തു. അടച്ചിട്ടിരിക്കുന്ന ഈ ചെരുപ്പ് സൂക്ഷിപ്പ് കേന്ദ്രത്തിന് സമീപത്താണ് തിരക്കേറിയ ഓട്ടോറിക്ഷ സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. സ്റ്റാൻഡിൽ എത്തുന്ന വരും വഴിയാത്രക്കാരും ഭക്തരും അടക്കം നൂറുകണക്കിനാളുകളാണ് ഇതിന് സമീപത്തുകൂടി കടന്നുപോകുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-3.jpg)

ഓട്ടോറിക്ഷ തൊഴിലാളികൾ വിശ്രമിക്കുന്നതും ഇതിനോട് ചേർന്നാണ് എന്നതുംഅപകടഭീതി ഉയർത്തുകയാണ്. കഴിഞ്ഞ അഷ്ടമി ഉത്സവകാലത്തെ ചെരിപ്പുകളും മാലിന്യവും അടക്കം നിറഞ്ഞ നിലയിലാണ് ഈ കേന്ദ്രം ഉള്ളത്. പ്രവർത്തിക്കാതെ കിടക്കുന്ന ഈ ചെരുപ്പ് സൂക്ഷികേന്ദ്രം പൊളിച്ചുമാറ്റി ശുചീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. ക്ഷേത്ര ഗോപുരപടികെട്ടിനടിയിലേയും ചേർന്നുള്ള മതിലിനടിയിലെയും ദ്വാരങ്ങൾ അടച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ലെങ്കിൽ രാത്രികാലങ്ങളിൽ എത്തുന്ന ഭക്തർക്ക് അടക്കം പാമ്പുകടിയേൽക്കാനുള്ള സാധ്യതയാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. അപകടാവസ്ഥ ചൂണ്ടിക്കാട്ടി ദേവസ്വം അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഭീതിയിലായ ഓട്ടോറിക്ഷ തൊഴിലാളികൾ.