> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ക്ഷേത്ര വളവുകളിലെ തകർന്ന റോഡ് അറ്റകുറ്റപണി വ്യാഴാഴ്ച തുടങ്ങും
- URL: https://www.vaikomvartha.com/vaikom-mahadeva-temple-road/
- Published: 2026-06-12T14:12:03.000Z
- Updated: 2026-06-12T14:12:03.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കം മഹാദേവ ക്ഷേത്ര പടിഞ്ഞാറേ ഗോപുരത്തിന് സമീപം തകർന്ന റോഡ് നന്നാക്കാൻ നടപടിയായി. പടിഞ്ഞാറേ നടയിൽ നിന്ന് തെക്കേ നടയിലേക്ക് തിരിയുന്ന രണ്ട് വളവുകളിലെ റോഡ് കുഴികൾ നിറഞ്ഞ് അപകടാവസ്ഥയിലായത് കഴിഞ്ഞ ദിവസമാണ് വൈക്കം വാർത്ത റിപ്പോർട്ട് ചെയ്തത്. 

ഇവിടെ ഇൻ്റർലോക്ക് ടൈലുകൾ പാകാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. വ്യാഴാഴ്ച പണികൾ തുടങ്ങും. ഇതിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണത്തിനായി പൊതുമരാമത്ത് വകുപ്പ് മോട്ടോർ വാഹന വകുപ്പിന് ഇന്ന് കത്ത് നൽകി. രണ്ടാഴ്ച ഗതാഗത നിയന്ത്രണം വേണമെന്നാണ് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പടിഞ്ഞാറേ നടയിൽ നിന്നും തെക്കേ നടയിൽ നിന്നും വാഹനങ്ങൾ തിരിച്ച് വിടണമെന്നാണ് ആവശ്യം. വ്യാഴാഴ്ച റോഡ് അറ്റകുറ്റപണികൾ തുടങ്ങിയാൽ രണ്ടാഴ്ച ഇവിടെ ഗതാഗതം വഴിതിരിച്ചു വിടും. മാധ്യമ വാർത്തകളെ തുടർന്ന് വൈക്കം എം.എൽ.എ. കെ. ബിനിമോനും ജനപ്രതിനിധികളും വൈക്കം പൊതുമാരാമത്ത് വകുപ്പ് ഓഫിസിലെത്തി റോഡ് ഉടൻ നന്നാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പിൻ്റെ കണ്ണ് തുറന്നത്. മാസങ്ങളായി തകർന്ന് കിടന്ന റോഡിൽ മഴതുടങ്ങിയതോടെ ദിവസേന അപകടം പതിവായതോടെയാണ് വൈക്കം വാർത്ത റോഡിലെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി വീഡിയോ അടക്കം ആദ്യം വാർത്ത നൽകിയത്. ആറുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡ് ആണ് വീണ്ടും തകർന്ന് അപകടാവസ്ഥയിൽ ആയത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566136-19.jpg)