> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം നഗരസഭ പാർക്കിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയായി
- URL: https://www.vaikomvartha.com/vaikom-municipal-park/
- Published: 2026-07-04T10:16:05.000Z
- Updated: 2026-07-04T10:16:05.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കം നഗരസഭ പാർക്കിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ശുചീകരിക്കാനും നടപടിയായി. കുട്ടികളുടെ കളി ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തടക്കം അശാസ്ത്രീയമായ നടപ്പാത നിർമ്മാണം മൂലം ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് ഉണ്ടാകുന്നതും പാർക്കിന്റെ ശോചനീയാവസ്ഥയും വൈക്കം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 

തുടർന്നാണ് നഗരസഭാ ചെയർമാൻ അബ്ദുൽ സലാം റാവുത്തറിന്റെ ഇടപെടൽ ഉണ്ടായത്. വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ ചരൽ ഇറക്കിയാണ് ഉയർത്തുന്നത്. രാവിലെ എത്തിച്ച ചരൽ നഗരസഭാ ജീവനക്കാർ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ ഇട്ട് ഉയർത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. പാർക്കിലെ കാടുകൾ വെട്ടിത്തെളിക്കാനും ഉപകരണങ്ങൾ കഴുകി വൃത്തിയാക്കാനും നിർദ്ദേശം നൽകിയതായി നഗരസഭാ ചെയർമാൻ അറിയിച്ചു. ഈ ജോലികളും പാർക്കിന്റെ മധ്യഭാഗത്തുള്ള ആനയുടെ ഫൗണ്ടൻ നവീകരിക്കുന്ന ജോലികളും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602922.jpg)

പാർക്കിലെ ഫൗണ്ടൻ ഇന്തോ അമേരിക്കൻ ആശുപത്രി അധികൃതരാണ് നവീകരിച്ച് പുനസ്ഥാപിക്കുന്നത്. എം.പി ഫണ്ട് അടക്കം ലഭ്യമാക്കി സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓണത്തിന് മുമ്പ് പാർക്ക് നവീകരിച്ചു തുറക്കാനാണ് നഗരസഭയുടെ തീരുമാനം. ഇത് അടുത്ത കൗൺസിലിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കുട്ടികളുടെ കളി ഉപകരണങ്ങളും വൈദ്യുതി അലങ്കാര വിളക്കുകളും കേടുവന്ന നിലയിലാണ്.