> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് ഓടയിലെ മാലിന്യം നീക്കാത്തതിൽ പ്രതിഷേധം; ക്ലീൻ സിറ്റി ഓഫീസ് പൂട്ടിച്ച് ബി.ജെ.പി അംഗങ്ങളുടെ ധർണ്ണ
- URL: https://www.vaikomvartha.com/vaikom-municipality-3/
- Published: 2026-06-25T14:02:13.000Z
- Updated: 2026-06-25T14:02:13.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: നഗരത്തിൽ ഓടയിൽ നിന്ന് കോരി വെച്ച മാലിന്യത്തിൽ കാടു വളർന്നിട്ടും നീക്കം ചെയ്യാൻ നടപടി ഉണ്ടാകാത്തതിൽ ബി.ജെ.പി അംഗങ്ങൾ നഗരസഭയിൽ നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. 

ക്ലീൻ സിറ്റി ഓഫീസിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും ഓഫീസ് പ്രവർത്തനം തടഞ്ഞ ബി.ജെ.പി അംഗങ്ങൾ ഓഫീസ് അടച്ചുപൂട്ടി. അരമണിക്കൂറോളം ഓഫീസ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. തുടർന്ന് നഗരസഭാ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ഇന്ന് തന്നെ മാലിന്യം നീക്കുമെന്ന ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ കഴിഞ്ഞ കൗൺസിലിൽ വിഷയം ചർച്ച ചെയ്ത് മൂന്ന് ദിവസത്തിനകം നഗരസഭാ പ്രദേശത്തെ ഓടയിൽ നിന്ന് കോരി വച്ച മുഴുവൻ മാലിന്യങ്ങളും നീക്കുമെന്ന് അറിയിച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണ് പ്രതിഷേധം എന്നുമായിരുന്നു നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറിന്റെ പ്രതികരണം. പുളിഞ്ചുവട് ചേരുംചുവട്, കാളിയമ്മനട വിജയ തീയറ്റർ ആറാട്ടുകുളം ചാലപ്പറമ്പ് എന്നീ റോസുകളിലടക്കം തുടങ്ങിയ പല റോഡരികുകളിലും മാസങ്ങൾക്കു മുമ്പ് ഓടയിൽ നിന്ന് കോരി വെച്ച മാലിന്യങ്ങൾ കിടന്ന് കാടുകയറി കിടക്കുകയാണ്. ഇത് നീക്കാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു ബിജെപി നഗരസഭ അംഗങ്ങളായ എം.കെ മഹേഷ്, വി. അമ്പിളി, ആർ അനീഷ് എന്നിവർ പ്രതിഷേധവുമായെത്തിയത്. നഗരസഭാ ചെയർമാൻ്റെ രാജഭരണം ആണെന്നും പക്ഷപാതപരമായി പ്രവർത്തിക്കുന്നു എന്നും ആണ് ബി.ജെ.പി അംഗങ്ങളുടെ ആരോപണം. നഗരസഭാ സെക്രട്ടറി ആർ. രഞ്ജിത്ത് നായരുമായി സംസാരിച്ച് പ്രതിഷേധം അറിയിച്ച ശേഷം ആയിരുന്നു ഇവർ ആരോഗ്യ വിഭാഗം ഓഫീസിലെത്തി പ്രവർത്തനങ്ങൾ തടഞ്ഞത്. തുടർന്ന് ഒരു ഓഫീസിൽ നിന്ന് ജീവനക്കാരെ പുറത്തിറക്കി കതക് അടച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-12.jpg)

 വാതിലിനു മുമ്പിൽ പ്രതിഷേധ മുദ്രവാക്യങ്ങളുമായി മൂവരും കുത്തിയിരുന്നു. ഓഫീസ് പ്രവർത്തനം തടസ്സപ്പെട്ടതോടെ നടപടിയെടുക്കാൻ ചെയർമാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ ചർച്ചയിൽ മാലിന്യം ഇന്ന് തന്നെ നീക്കാൻ ധാരണയാവുകയും തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു. എന്നാൽ പ്രതിഷേധത്തെ പൂർണമായി തള്ളിപ്പറഞ്ഞായിരുന്നു നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തറിന്റെ പ്രതികരണം. നഗരസഭയിൽ മാലിന്യം നീക്കാനുള്ള വാഹനത്തിന്റെ കുറവും തൊഴിലാളികളുടെ അഭാവവും മാലിന്യനീക്കത്തിന് തടസ്സമായി എന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാൽ ഇത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഇതെല്ലാം അറിഞ്ഞ ശേഷമാണ് ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നാണ് നഗരസഭ ചെയർമാൻ പരിഹസിച്ചത്. നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെപ്പറ്റി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളടക്കം ഏറെ പണിപ്പെട്ട് ശുചീകരിക്കുന്ന കാനയിലെ മാലിന്യം റോഡിൽ കിടന്ന് തൊഴിലാളികൾ പഴി കേൾക്കേണ്ട അവസ്ഥ വരുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടെന്നായിരുന്നു ആക്ഷേപം ഉയർന്നത്. മൂന്ന് ദിവസത്തിനകം മാലിന്യങ്ങൾ നീക്കുമെന്നും മാലിന്യങ്ങൾ നീക്കാനുള്ള നഗരസഭയുടെ പുതിയ വാഹനം മാസങ്ങൾക്കകം എത്തുമെന്നും തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ നടപടി തുടങ്ങിയതായും നഗരസഭ ചെയർമാൻ അറിയിച്ചു.