> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആദ്യ മഴയിൽ തന്നെ വൈക്കം-എറണാകുളം റോഡിൽ വെള്ളക്കെട്ട്; ഓടകൾ വൃത്തിയാക്കാൻ നഗരസഭയുടെ തീവ്രശ്രമം
- URL: https://www.vaikomvartha.com/vaikom-municipality-pwd/
- Published: 2026-06-05T07:05:42.000Z
- Updated: 2026-06-05T07:39:37.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Business

വൈക്കം**:** ആദ്യ മഴയിൽ തന്നെ വൈക്കം-എറണാകുളം റോഡിലെ കാളികുളത്തിന് സമീപവും നാഗമ്പൂഴിക്കാവിന് സമീപവും വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ റോഡിന്റെ ഈ ഭാഗങ്ങൾ പൂർണ്ണമായി വെള്ളത്തിൽ മുങ്ങിയതോടെ വലിയ രീതിയിലുള്ള അപകടാവസ്ഥയാണ് സംജാതമായിരിക്കുന്നത്. ആദ്യ മഴയിൽ തന്നെ ഇവിടെ ഓടകൾ കവിഞ്ഞൊഴുകി റോഡ് തോടായി മാറിയ വിവരം 'വൈക്കം വാർത്ത' റിപ്പോർട്ട് ചെയ്തിരുന്നു.

0:00 

/0:16 

1× 

റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് മൂന്നാം വാർഡ് കൗൺസിലർ ഇടവട്ടം ജയകുമാറിന്റെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാർ അടിയന്തരമായി ഓടകൾ വൃത്തിയാക്കുന്ന നടപടികൾ ആരംഭിച്ചു. പ്രദേശത്തെ ചില സ്ഥാപനങ്ങളിൽ നിന്നടക്കം തള്ളിയ അജൈവ മാലിന്യങ്ങൾ ഒരു ഭാഗത്തെ ഓടയിൽ പൂർണ്ണമായി നിറഞ്ഞ നിലയിലായിരുന്നു. റോഡിന്റെ കിഴക്കുഭാഗത്തെ ഓട മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നേരത്തെ വൃത്തിയാക്കിയിരുന്നതാണ്. എന്നാൽ പടിഞ്ഞാറുഭാഗത്തെ ഓടയിൽ വൻതോതിൽ അജൈവ മാലിന്യങ്ങൾ അടിഞ്ഞുകൂടി ഓട അടഞ്ഞു കിടക്കുകയായിരുന്നു. ഈ മാലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളം കണിയാതോട്ടിലേക്ക് ഒഴുക്കിവിടാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോൾ നഗരസഭ. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറുടെ നേതൃത്വത്തിലായിരുന്നു വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജോലികൾ നടന്നത്. നഗരസഭ ജീവനക്കാർ ഓട ശുചീകരിക്കുന്നതിനിടെ സ്ലാബ് ഉയർത്താൻ സഹായിക്കുന്നതിനിടെ നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറിന് ശ്വാസതടസ്സമുണ്ടായി. വൈക്കം താലൂക്കാശുപത്രിയിൽ ചികിൽസ തേടിയ അദ്ദേഹത്തെ നീരക്ഷണ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566140-9.jpg)

**പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ; നിർമ്മാണത്തിലും അപാകത**

അതേസമയം, പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മാണം നടത്തിയപ്പോഴുണ്ടായ ഗുരുതരമായ അപാകതയാണ് ഇവിടെ വെള്ളക്കെട്ട് ഇത്രയധികം രൂക്ഷമാക്കാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. നാഗമ്പൂഴിക്കാവിന് സമീപം റോഡിന്റെ കിഴക്കുഭാഗത്തെ താഴ്ന്ന പ്രദേശത്തുള്ള ഓടയിൽ നിന്ന് പടിഞ്ഞാറ് ഉയർന്ന ഭാഗത്തുള്ള ഓടയിലേക്ക് കലുങ്ക് വഴി വെള്ളം ഒഴുകുന്ന വിചിത്രമായ രീതിയിലാണ് ഇവിടെ നിർമ്മാണം നടത്തിയിരിക്കുന്നത്. നിലവിൽ ഈ കലുങ്കും പൂർണ്ണമായി അടഞ്ഞ നിലയിലാണ്.

മഴക്കാലത്തിനു മുമ്പ് തന്നെ വാർഡ് കൗൺസിലർ ഇടവട്ടം ജയകുമാർ ഈ ഭാഗത്തെ വെള്ളക്കെട്ടിന്റെ സാധ്യതകൾ ചൂണ്ടിക്കാട്ടി പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും നിസ്സംഗതയുമാണ് ഇപ്പോഴത്തെ ഈ പ്രതിസന്ധിക്ക് കാരണം.

**ദുരിതത്തിലായി യാത്രക്കാരും വിദ്യാർത്ഥികളും**

റോഡിൽ വെള്ളം ഉയർന്നതോടെ കാൽനടയാത്രക്കാർക്ക് ഇതുവഴി നടന്നുപോകാൻ പോലും കഴിയാത്ത സാഹചര്യമാണ്. ഓടയും റോഡും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം മൂടിയതോടെ നിരവധി ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. പ്രദേശത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് നടന്ന് ബസ് സ്റ്റോപ്പിൽ എത്താൻ പോലും സാധിക്കാത്ത വിധം ദുരിതപൂർണ്ണമാണ് ഇവിടുത്തെ അവസ്ഥ.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000538421.jpg)

പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന സംസ്ഥാന പാതയായ വൈക്കം-എറണാകുളം റോഡിൽ ഇത്രയും ഗുരുതരമായ യാത്രാപ്രതിസന്ധി ഉണ്ടായിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.