> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം നഗരസഭാ പാർക്ക് ഓണത്തിന് മുമ്പ് നവീകരിക്കും
- URL: https://www.vaikomvartha.com/vaikom-nagarasabha-park/
- Published: 2026-07-03T16:35:52.000Z
- Updated: 2026-07-03T16:35:52.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കം നഗരസഭാ പാർക്ക് ഓണത്തിന് മുമ്പ് നവീകരിക്കാൻ പദ്ധതി തയ്യാറാവുന്നു. അതിനു മുന്നോടിയായി പാർക്കിന്റെ മദ്ധ്യഭാഗത്തുള്ള ആനയുടെ ഫൗണ്ടൻ നവീകരിക്കാൻ തീരുമാനമായി. 

ഇൻഡോ അമേരിക്കൻ ആശുപത്രി അധികൃതരാണ് ഈ ഫൗണ്ടൻ ആധുനികവൽക്കരിച്ച് നവീകരിക്കുന്നത്. ഇതിൻ്റെ ജോലികൾ അടുത്ത ദിവസം തന്നെ തുടങ്ങാനാണ് നീക്കം. എന്നാൽ വയോധികർക്ക് ഇരിക്കാനുള്ള പ്രത്യേക സ്ഥലവും യോഗ പാർക്ക് അടക്കം സ്ഥാപിച്ച് കുട്ടികളുടെ കളി ഉപകരണങ്ങളും പാടെ തകർന്നു കിടക്കുന്ന വൈദ്യുതി സംവിധാനവും ശുചിമുറികളുമടക്കം നവീകരിച്ച് ഓണത്തിന് മുമ്പ് പാർക്ക് നവീകരിക്കാനാണ് നഗരസഭ പദ്ധതി തയ്യാറാക്കുന്നത്. അടുത്ത കൗൺസിലിൽ വിഷയം ചർച്ച ചെയ്ത് നടപടി തുടങ്ങുമെന്ന് നഗരസഭാ ചെയർമാൻ അബ്ദുൽസലാം റാവുത്തർ പറഞ്ഞു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-3.jpg)

നവീകരണ പ്രവർത്തനത്തിന് നഗരസഭ ഫണ്ട് കൂടാതെ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് പാർക്കിന്റെ നവീകരണം പൂർത്തിയാക്കാൻ പദ്ധതിയിടുന്നത്. മാസങ്ങളായി കുട്ടികളുടെ റൈഡിങ് ഉപകരണങ്ങൾ അടക്കം അപകടകരമായി കേടുവന്ന നിലയിലാണ്. അശാസ്ത്രീയമായ നിർമ്മാണങ്ങൾ മൂലം ഒരു മഴ പെയ്താൽ കുട്ടികളുടെ കളി ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിലെല്ലാം വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പാർക്കിലെ ചെറിയ തൂണുകളിട്ട് സ്ഥാപിച്ചിരുന്ന 32ഓളം അലങ്കാര വൈദ്യുതി വിളക്കുകൾ പാടെ തകർന്ന നിലയിലാണ്. പാർക്കിലെ വൈദ്യുതി വിതരണ ശൃംഖല അപകടകരമായതോടെ താൽക്കാലിക ലൈറ്റുകൾ സ്ഥാപിച്ചാണ് നിലവിൽ രാത്രി പാർക്കിൻ്റെ പ്രവർത്തനം. ഉണങ്ങിയ മരച്ചില്ലകളടക്കം അപകടകരമായ നിലയിലാണ് നിലവിൽ ഇവിടെയുള്ളത്. അവധി ദിവസങ്ങളിൽ ഏറെ തിരക്കുള്ള ഇവിടം നായ്ക്കളുടെ വിഹാര കേന്ദ്രങ്ങൾ കൂടിയായി മാറിയ സ്ഥിതിയാണ്. ഓരോ ഭരണസമിതികൾ മാറി മാറി വരുമ്പോഴും ലക്ഷങ്ങൾ മുടക്കുന്ന നഗരസഭ പാർക്കിനാണ് ഈ ദുരവസ്ഥ.