> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം
- URL: https://www.vaikomvartha.com/vaikom-newd/
- Published: 2026-10-22T14:47:49.000Z
- Updated: 2026-10-22T14:47:49.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: വൈക്കത്ത് ഇന്നലെ രാത്രിയോടെ ഉണ്ടായ ഇടിമിന്നലിൽ കനത്ത നഷ്‌ടം.  
വീടുകളുടെ ഭിത്തിക്ക് വിള്ളൽ വീഴുകയും വൈദ്യുതി ഉപകരണങ്ങൾ നശിക്കുകയും ബൾബുകൾ പൊട്ടിതകരുകയും ചെയ്തു. ഉദയനാപുരത്തും വടയാറിലുമാണ് ഏറെയും വീടുകളിൽ ഇടിമിന്നൽ നാശം വിതച്ചത്. ഉദയനാപുര പഞ്ചായത്തിലെ വല്ലകം പള്ളിക്ക് പിൻഭാഗത്ത് പതിനൊന്നാം വാർഡിലെ ആശാരിക്കുന്നേൽ വി.എ സാനുവിൻ്റെ വീട്ടിലെ പാരപ്പറ്റിലും ടെറസിലെ ഭിത്തിയിലും വിള്ളൽ വീണു. സാനു വീടിന് മുന്നിൽ പുറത്തിരിക്കുമ്പോഴായിരുന്നു ശക്തമായ ഇടിമിന്നൽ ഉണ്ടായതും ബൾബുകളടക്കം പൊട്ടിത്തെറിച്ചതും. 

തലനാരിഴക്കാണ് കസേരയിലിരുന്ന സാനു പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മുറിക്കുള്ളിലെ നാല് സീലിംഗ് ഫാനുകളും ഇൻവെർട്ടറും കത്തിപ്പോയി. മുറിക്കുള്ളിലെ ഷോക്കേസിലെ ബൾബടക്കം തകർന്ന് വീണു. വയറിംഗ് നശിച്ച നിലയാണ്. സാനുവിൻ്റെ മക്കൾ അകത്തിരുന്ന് ഭക്ഷണം കഴിക്കുകയായിക്കുന്നു. ശക്തമായ പൊട്ടിത്തെറിയിൽ ഭയന്ന മക്കൾ അലറിവിളിച്ചു. ഈ സമയം സാനുവിൻ്റെ അച്ഛനും അമ്മയും രണ്ട് പെൺമക്കളും ഭാര്യ കവിതയുമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ വയറിംഗിൻ്റെ കേടുപാടുകൾ നന്നാക്കാനുള്ള ശ്രമം നടക്കുകയാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-5.jpg)

അത് കഴിഞ്ഞാലെ നഷ്ടം കണക്കാക്കനാവൂ എന്ന് തെങ്ങ് കയറ്റ തൊഴിലാളിയായ സാനു പറഞ്ഞു. വടയാറിൽ അമ്മയും മകളും താമസിച്ചിരുന്ന വീട്ടിലാണ് സമാന രീതിയിൽ ആഘാതമുണ്ടായത്. ഇവിടെ ഇടിമിന്നലേറ്റ് വീടിൻ്റെ അടിത്തറ ഭാഗത്തെ മണ്ണടക്കം ചിതറി വീടിൻ്റെ മുൻ ഭാഗത്ത് വീഴുകയും ചെയ്തിട്ടുണ്ട്.