> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വേമ്പനാട്ടുകായലും പുഴകളും സംരക്ഷിക്കണം: വൈക്കത്ത് ജലയാത്രയുമായി ഭാരതീയ കിസാൻ സംഘ്
- URL: https://www.vaikomvartha.com/vaikom-news-103/
- Published: 2026-09-28T05:13:17.000Z
- Updated: 2026-09-29T12:56:06.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: ജലാശയങ്ങൾ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് വൈക്കത്ത് ഭാരതീയ കിസാൻ സംഘിൻ്റെ ജലയാത്ര.  
വേമ്പനാട്ടുകായലും പുഴകളും തോടുകളുമടക്കമുള്ള ജലാശങ്ങളുടെ സംരക്ഷണമാണ് ആവശ്യം. കരിയാർ സ്പിൽവേയിൽ നിന്ന് തുടങ്ങിയ ജലയാത്ര താലൂക്കിലെ ജലാശയങ്ങളിലൂടെ വൈകുന്നേരം ഉല്ലല പള്ളിയാടാണ് സമാപിച്ചത്. ഭാരതീയ കിസാൻ സംഘ് വൈക്കം ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റ് എം.എസ്. പുരുഷോത്തമൻ നായർ ജലയാത്ര നയിച്ചു. 

തലയാഴം കൊതവറയിൽ കരിയാർ സ്പിൽവേയുടെ സമീപത്ത് കിസാൻ സംഘ് കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.കെ. സാബു നികർത്തിൽ യാത്ര ഉദ്ഘാടനം ചെയ്തു. പോളയും മാലിന്യവും നിറഞ്ഞ ജലാശയങ്ങളിലെ നീരൊഴുക്ക് സാധ്യമാക്കി ജലഗതാഗതം സുഗമമാക്കുന്നതിനും കാർഷിക മേഖലയിൽ ജലലഭ്യത ഉറപ്പാക്കാനും ജലാശയങ്ങളുടെ സംരക്ഷണവും അടിയന്തിരമായി നടപ്പാക്കണമെന്നാണ് ആവശ്യം. മണൽ വാരി കുഴിഞ്ഞ മുവാറ്റുപുഴയാറിൻ്റെ ജലവിതാനത്തേക്കാൾ തലയോലപ്പറമ്പ് അടിയത്തെ ഷട്ടറും പാലത്തിൻ്റെ അടിഭാഗവും ഉയർന്നുനിൽക്കുന്നതിനാൽ കരി കനാലിലേക്ക് വെള്ളമൊഴുകാത്ത സ്ഥിതിയാണ്. പുലിമുട്ട് സ്ഥാപിച്ച് അപ്പർക്കുട്ടനാട് മേഖലകളിലേയ്ക്ക് ജലം തിരിച്ചുവിടുന്നതിനും അശാസ്ത്രീയമായി അടിയം ഭാഗത്ത് നിർമിച്ചിട്ടുള്ള ഷട്ടർ പൊളിച്ചു നീക്കുന്നതിനും നടപടിയാണ് വേണ്ടത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016-15.jpg)

കാർഷിക കലണ്ടർ അനുസരിച്ച് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ മൂന്ന് വർഷത്തിൽ ഒരിക്കൽ തുറന്നിടുന്നതിനും പുഴകളുടെ ആഴംകൂട്ടി ജലാശയങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മുദ്രാവാക്യമുയർത്തിയായിരുന്നു ജലയാത്രയുടെ സഞ്ചാരം. സെക്രട്ടറി കെ.ഡി. ശിവമണി, കെ.കെ. രാജു കുന്നത്തുതറ തുടങ്ങിയവർ പങ്കെടുത്തു. വൈകുന്നേരം തലയാഴം പള്ളിയാട് എസ്.എൻ.എൽ.പി സ്കൂ‌ളിൽ നടക്കുന്ന സമാപന സമ്മേളനം ഭാരതീയ കിസാൻ സംഘ് സംസ്ഥാന പ്രസിഡന്റ് ഡോ. അനിൽ വൈദ്യമംഗലം ഉദ്ഘാടനം ചെയ്തു.