> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വി.കെ.എസ് ശാസ്ത്ര സാംസ്‌കാരികോത്സവം
- URL: https://www.vaikomvartha.com/vaikom-news-108/
- Published: 2026-09-28T12:40:32.000Z
- Updated: 2026-09-28T12:40:32.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: അന്തരിച്ച ഗായകനും സംഗീത സംവിധായകനുമായ വി.കെ. ശശിധരന്റെ ഓർമ്മയ്ക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വി.കെ.എസ് ശാസ്ത്ര സാംസ്‌കാരികോത്സവം ഒക്ടോബർ 2 മുതൽ 4 വരെ വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടക്കും. 2 ന് വൈകിട്ട് 4 ന് മുതിർന്ന മാധ്യമപ്രവർത്തകൻ ആർ. രാജഗോപാലും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ ടി.പി. കുഞ്ഞിക്കണ്ണനും ചേർന്നുള്ള സംവാദത്തിലൂടെ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാർ വി.എസ്.അനുസ്മരണ പ്രഭാഷണം നടത്തും. കെ.ബിനിമോൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ അബ്ദുൽസലാം റാവുത്തർ, അഡ്വ. പി.കെ ഹരികുമാർ, എ.ജി. ഒലീന എന്നിവർ സംസാരിക്കും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-28.jpg)

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.സി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സംഘാടകസമിതി ചെയർമാൻ കെ.കെ. ശശികുമാർ സ്വാഗതവും പരിഷത്ത് വൈക്കം മേഖലാ സെക്രട്ടറി സുനിതാ ശ്രീകുമാർ നന്ദിയും പറയും. തുടർന്ന് തബലമാന്ത്രികൻ സക്കീർ ഹുസൈന് ആദരമർപ്പിച്ചുകൊണ്ട് ഡോക്ടർ ബി. ഇക്ബാൽ തബലവാദനം അവതരിപ്പിക്കും. രാത്രി 7 മുതൽ ഹരി ചെറായിയും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യ അരങ്ങേറും.  
3 ന് രാവിലെ റെസിസ്റ്റൻസ് ഡയറീസ് : 'ഫാസിസത്തിനെതിരെ ജനങ്ങൾ' എന്ന സെമിനാർ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഡോ.എം.എ. സിദ്ദിഖ്, ഡോ. ഷിബിൻ സേവ്യർ, ഡോ.പി.യു. മൈത്രി, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ കമ്മിറ്റി അവതരിപ്പിക്കുന്ന കീഴാളവൃത്തം നാടകം അവതരിപ്പിക്കും. 2 മുതൽ ലിംഗനീതിയും സാംസ്‌കാരിക ആധിപത്യവും ചർച്ച കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ഗായത്രി വർഷ, ഡോ. ഖദീജ മുംതാസ്, ശ്യാമ. എസ്. പ്രഭ, ഡോ. മുരളീധരൻ തറയിൽ, ജിസ് ജോസഫ് എന്നിവർ പങ്കെടുക്കും. വൈകിട്ട് 4ന് ഡോ. ടി.എസ്. ശ്യാംകുമാർ മതാത്മക ഇന്ത്യയുടെ വർത്തമാനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഡോ.എം.ജി. ബാബുജി, ആർ. പ്രസന്നൻ എന്നിവർ സംസാരിക്കും. 6 മുതൽ സജിത മഠത്തിൽ അവതരിപ്പിക്കുന്ന പോഡ് കാസ്റ്റ് ഓപ്പറേറ്റർ എന്ന നാടകം അരങ്ങേറും.

4ന് രാവിലെ 9 30ന് വിപ്ലവ ഗായികയും സ്വാതന്ത്ര്യസമര സേനാനിയുമായ പി.കെ. മേദിനി പ്രതിരോധ സംഗീതം ചരിത്രം വർത്തമാനം എന്ന പ്രോഗ്രാമിൽ പങ്കെടുക്കും. അഡ്വ. അംബരീഷ്. ജി വാസു അഭിമുഖം നടത്തും. 10.30 ന് ഇന്ദു സി.വി. കാവാലം നാരായണ പണിക്കരുടെ കവിതയുടെ നൃത്താവിഷ്‌കാരം അവതരിപ്പിക്കും. 11ന് സമാപന സമ്മേളനവും സാംസ്‌കാരിക സംഗമവും നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ.എസ്. ശിവദാസ് , ഡോ.എം.പി. പരമേശ്വരനെ അനുസ്മരിച്ച് സംസാരിക്കും. വൈക്കം വിജയലക്ഷ്മി, വൈക്കം ഭാസി, ഡോ. രത്നശ്രീ അയ്യർ, ഡി. മനോജ്, അജീഷ് ദാസൻ, തേരോളി രാമക്കുറുപ്പ്, ഗൗരി ലക്ഷ്മി, പ്രദീപ് മാളവിക, കെ.ആർ.ബീന എന്നിവർ അനുമോദനം ഏറ്റുവാങ്ങും. ശാസ്ത്ര സാഹിത്യ പരിഷത്ത് കലാസംസ്‌കാരം ഉപസമിതി ജില്ലാ കൺവീനർ സി.എസ്. ശ്രീകുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി വിഷ്ണു ശശിധരൻ നന്ദിയും പറയും.