> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് സി.പി. ഐ വികസനത്തിന് തടസ്സം നിൽക്കുന്നു: നഗരസഭ ചെയർമാൻ
- URL: https://www.vaikomvartha.com/vaikom-news-117/
- Published: 2026-10-01T08:09:34.000Z
- Updated: 2026-10-02T07:15:48.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: വൈക്കം നഗരസഭയിൽ ഇടതുമുന്നണിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ സി.പി.ഐ ഒറ്റപ്പെടുന്നു. വികസന കാര്യങ്ങളിലും ജനകീയ വിഷയങ്ങളിലും സ്ഥാനമാനങ്ങളുടെ പേരിൽ തർക്കമുണ്ടാക്കി ബി.ജെ.പിയെ കൂട്ട് പിടിച്ച് പ്രശ്‌ നങ്ങൾ സൃഷ്ടിക്കുന്നതായാണ് ആരോപണം. കഴിഞ്ഞ ദിവസം സി.പി.ഐ നിലപാടുകൾക്കെതിരെ സി.പി.എം രംഗത്ത് വന്നതിന് പിന്നാലെ രൂക്ഷവിമർശനവുമായി നഗരസഭ ചെയർമാൻ കെ.ജി.അബ്ദുൾ സലാം റാവുത്തറും രംഗത്ത് എത്തി. 

ജനകീയ പിന്തുണയോടെ സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും സഹായത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് സി.പി.ഐയുടെ നഗരസഭ കൗൺസിലർ തടസം സൃഷ്ടിക്കുന്നുവെന്നാണ് പരാതി. കായലിലെ പോള വാരി നീക്കുന്നതിനിടെ ബീച്ചിൽ വെള്ളവും ചെളിയും ഊർന്ന് പോകാൻ തീരത്ത് വച്ചപ്പോൾ വിവാദം സൃഷ്ടിച്ചതിന് പുറമെ ഗവ.ആയുർവ്വേദ ആശുപത്രി റോഡ് നന്നാക്കാൻ 25 -ാം വാർഡിലേക്ക് പണം അനുവദിച്ചപ്പോൾ കോൺഗ്രസ് അംഗത്തിന് മറ്റ് വാർഡുകളിലെക്കാൾ കൂടുതൽ പണം നൽകിയെന്ന് പറഞ്ഞ് പ്രതിസന്ധി സൃഷ്ടിച്ചു. താലൂക്കിലെ സാധാരണക്കാർ ആശ്രയിക്കുന്ന ഗവ. താലൂക്ക് ആയൂർവേദ ആശുപത്രിയിലേക്കുള്ള റോഡ് കുറ്റമറ്റതാക്കാൻ നഗരസഭ പ്രതിജ്ഞാബദ്ധമാണ്. സി.പി.ഐ പ്രതിനിധീകരിക്കുന്ന ഒന്നാം വാർഡുമായി അതിർത്തി പങ്കിടുന്ന റോഡുമാണിത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/46923.jpg)

ഇതിനെതിരെ ബി.ജെ.പിയുമായി ചേർന്ന് എതിർപ്പ് ഉന്നയിച്ച് കത്ത് നൽകി. റോഡിൻ്റെ ഫണ്ട് പിൻവലിക്കുമെന്ന് ചെയർമാൻ നിലപാട് എടുത്തതോടെ സി.പി.ഐ മണ്ഡലം നേതൃത്വം ഇടപെട്ടാണ് കഴിഞ്ഞ ദിവസം കത്ത് പിൻവലിപ്പിച്ചത്. സി.പി.ഐക്ക് സി.പി.എമ്മിനേക്കാൾ ഒരംഗം നഗരസഭയിൽ കൂടുതൽ ഉള്ളതിനാൽ പലപ്പോഴും സി.പി.എം മൗനം പാലിക്കുകയാണ് പതിവ്. എന്നാൽ വൈക്കത്തഷ്ടമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കമ്മറ്റി സ്ഥാനത്തിൻ്റെ പേരിൽ സി.പി.ഐ ബി.ജെ.പിയെ കൂട്ട് പിടിച്ച് വിവാദം സൃഷ്ടിച്ചതോടെയാണ് വിയോജിപ്പറിയിച്ച് സി.പി.എം പരസ്യ നിലപാടെടുത്തത്. ഇതിന് പിന്നാലെ ശക്തമായ ആരോപണങ്ങളുമായാണ് നഗരസഭ ചെയർമാനും സി.പി.ഐ ക്ക് എതിരെ പ്രതികരിച്ചിരിക്കുന്നത്.