> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആട്ടവും പാട്ടുമായി ഉദയനാപുരത്ത് വയോത്സവം: 'വയോസ്നേഹാമൃതം' പദ്ധതിക്ക് തുടക്കമായി
- URL: https://www.vaikomvartha.com/vaikom-news-125/
- Published: 2026-10-02T00:41:56.000Z
- Updated: 2026-10-02T00:41:56.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Latest News

വൈക്കം: വയോജന ദിനത്തിൽ വാർദ്ധക്യം തളർന്നിരിക്കാനല്ല ആഘോഷിക്കാനുളളതാണ് എന്ന സന്ദേശമേകി ഉദയനാപുരത്ത് വയോൽസവം നടന്നു. ഉദയനാപുരം പഞ്ചായത്തിലെ 70 വയസ്സു മുതൽ 80 വയസ്സു വരെയുള്ള അമ്മമാരും മുത്തശ്ശിമാരും മുത്തച്ഛൻമാരും പങ്കെടുത്ത ഉൽസവം ആട്ടവും പാട്ടുമായി അരങ്ങ് തകർത്താടിയപ്പോൾ അത് കാണികൾക്കും ആവേശ കാഴ്ചയായി. 

മുൻ എം.എൽ.എ സി.കെ ആശയുടെ അമ്മ ഭാസുരാംഗിയുടെ നേതൃത്വത്തിൽ നടന ഒപ്പനയും ശ്രദ്ധേയമായി. യുവത്വം വിടാത്ത മനസൊതുക്കി കഴിഞ്ഞ ഒരു തലമുറയുടെ പ്രതിഭാ വിളയാട്ടം കൂടിയായി ഉദയനാപുരത്തെ ഈ വയോജന ദിന ഉൽസവം. നൂറിലധികം വയോജനങ്ങൾ ഒത്തുകൂടി ആടിയും പാടിയും വയോദിനം ആഘോഷമാക്കിയ വേളയിൽ വയോസ്നേഹാമൃതം പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിനുള്ളിൽ വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ ജനപങ്കാളിത്വത്തോടെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് പഞ്ചായത്തിൻ്റെ പദ്ധതി. ഉദയനാപുരം, നക്കംതുരുത്ത്, പടിഞ്ഞാറേക്കര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് വയോ ക്ലബ്ബുകൾ രൂപീകരിക്കും. വയോജനങ്ങൾ നേരിടുന്ന ജീവിത പ്രതിസന്ധികൾ പഠിക്കുന്നതിനും പരിഹാരനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും വിവിധ മേഖലകളിലെ വിദദ്ധന്മാരേ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ചാണ് പ്രവർത്തനം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-4.jpg)

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.വി. ഹരിക്കുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ ജസീനാ ഷാജുദ്ദീൻ, കെ. ദീപേഷ്, അജിതാ മധുകുട്ടൻ വി. ബിൻസ്, പി.ആർ ദേവലാൽ, സാബു മാളിയേക്കൽ, മിനി മനയ്ക്കപ്പറമ്പിൽ, ആജിഷാ ഉദയകുമാർ ടി.പി. രാജലഷ്മി ഐ.സി.ഡി.എസ് സൂപ്പർവൈസർ സി.കെ സുചിത്ര, രാജി. ആർ, ദീപാ ഡാനി, പി.ടി മിനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.