> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പഴമയുടെ ഓർമ്മകളും പുതുതലമുറയുടെ കൈവിരുതും: വൈക്കം ഉപജില്ലാ ശാസ്ത്രോത്സവം വല്ലകത്ത് ആരംഭിച്ചു
- URL: https://www.vaikomvartha.com/vaikom-news-143/
- Published: 2026-10-05T11:36:40.000Z
- Updated: 2026-10-06T06:09:58.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വൈക്കം: പോയ കാലസ്മരണയിലാകുന്ന ഉപകരണങ്ങളും വസ്തുക്കളും. വട്ട് സോഡാ കുപ്പികൾ, കാർഷിക ജീവിതത്തിലെ ചക്രം, തൂണി, ചങ്ങഴി തുടങ്ങിയ അളവ് ഉപകരണ കാഴ്ചകൾ മുതൽ റാന്തൽ വിളക്കുകളും മെതിയടി വരെ. പുതുതലമുറ തച്ചൻമാരുടെ കൈവിരുതിൻ്റെ പണിപ്പുര. കളിമണ്ണിൽ കുഞ്ഞ് കൈകളാൽ മെനയുന്ന കുഞ്ഞൻ ശില്പങ്ങൾ, തീർന്നില്ല സാമൂഹ്യ ജീവിത വിഷയങ്ങളാൽ ഒരുങ്ങുന്ന പോസ്റ്ററുകൾ എന്നിങ്ങനെ ഐ.ടി വിഷങ്ങളിൽ വരെ രണ്ടായിരത്തിലധികം സ്കൂൾ വിദ്യാർഥികൾ പങ്കെടുക്കുന്ന വല്ലകം സ്കൂൾ അങ്കണത്തിലെ ശാസ്ത്രോൽസവത്തിൽ ഇവയെല്ലാം ശ്രദ്ധേയ കാഴ്ചയാവുകയാണ്. 

കറൻസി, നാണയ ശേഖരങ്ങളുമായും വിദ്യാർത്ഥികളുണ്ട്. വൈക്കം ഉപജില്ല സ്കൂൾ ശാസ്ത്രോൽസവത്തിൻ്റെ തുടക്കദിനത്തിൽ തന്നെ ശാസ്‌ത്രോൽസവം സജീവമായി.വല്ലകം സെൻ്റ് മേരീസ് ഹയർസെക്കൻ്ററി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോൽസവത്തിൽ 69 സ്കൂളുകളിലെ രണ്ടായിരത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യ ശാസ്ത്രം പ്രവർത്തി പരിചയം ഐ.ടി. ഇനങ്ങളിലെ കാഴ്ചകളാണ് ശാസ്ത്രോൽസവത്തിൽ വിദ്യാർത്ഥികൾ ഒരുക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000740490.jpg)

ശാസ്ത്രോത്സവം എം.എൽ.എ. കെ ബിനിമോൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ടോണി കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദയനാപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജു മുഖ്യപ്രഭാഷണം നടത്തി. ശ്രീകൃഷ്ണ ആയുർവേദ ആശുപത്രി എം.ഡിയുമായ ഡോക്ടർ വിജിത്ത് ശശിധർ വിശിഷ്ടാതിഥിയായി. വൈക്കം എ.ഇ.ഒ കെ.സി ദീപ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു അനിൽകുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ദീപേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത് മധു കുട്ടൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജസീന ഷാജുദീൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ വിശ്വനാഥ്, വാർഡ് പഞ്ചായത്തംഗം മിനി മനക്കപ്പറമ്പിൽ എന്നിവരും മറ്റു പഞ്ചായത്ത് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. നാളെ ശാസ്‌ത്രോൽസവം സമാപിക്കും.