> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നെൽ കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: കേരള കോൺഗ്രസ് (എം)
- URL: https://www.vaikomvartha.com/vaikom-news-146/
- Published: 2026-10-05T13:41:02.000Z
- Updated: 2026-10-05T13:41:02.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കാലാവസ്ഥ വ്യതിയാനം മൂലം തലയാഴം, വെച്ചൂർ, കല്ലറ, മുണ്ടാർ തുടങ്ങിയ അപ്പർ കുട്ടനാട് പ്രദേശങ്ങളിൽ പ്രതിസന്ധി നേരിടുന്ന നെൽ കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) തലയാഴം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. മഴ കുറഞ്ഞത് മൂലം പാടശേഖരങ്ങളിലേക്ക് ഓരു വെള്ളം കയറുമെന്ന് ഭീഷണിയിലാണ് കർഷകർ. സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണം. ഫലപ്രദമായ ആസൂത്രത്തിലൂടെ ഓരുമുട്ട് സജ്ജമാക്കണം. കെ.വി കനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000740490-1.jpg)

മൂവാറ്റുപുഴയാറിലെ ശുദ്ധജലം ഈ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം പദ്ധതി പ്രദേശത്തെ തോടുകൾ ആഴം കൂട്ടി, എക്കൽ നീക്കം ചെയ്യുവാനുള്ള നടപടിയും സ്വീകരിക്കണം. ഇതിലൂടെ പ്രദേശത്തെ ശുദ്ധജല പ്രശ്നം പരിഹരിക്കുവാൻ സാധിക്കും. കെ വി കനാലുമായി ബന്ധപ്പെട്ട് കിടക്കുന്ന മാരാംവീട് തോട്, വല്ലയിൽ തോട്, പുത്തൻ പാലം തുടങ്ങിയ തോടുകളിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന മരച്ചില്ലകൾ വെട്ടി നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം ബിജു പറപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം. സോമൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി ചില്ലയ്ക്കാൻ, സണ്ണി മലയിൽ, ബിനീഷ് തൈത്തറ, മനോജ്, രാജേന്ദ്രൻ നാലുപറ, ജോമോൻ കൈതക്കാട്ട്, ബോബി കുറുപ്പ്, പ്രകാശൻ കാട്ടുവള്ളി എന്നിവർ പ്രസംഗിച്ചു.