> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വടയാർ പാലത്തിൽ വൻ വിള്ളൽ: വൈക്കം - കോട്ടയം റോഡിൽ അപകടഭീതി
- URL: https://www.vaikomvartha.com/vaikom-news-151/
- Published: 2026-10-06T16:11:39.000Z
- Updated: 2026-10-08T06:08:35.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വൈക്കം: വൈക്കം-കോട്ടയം പ്രധാന റോഡിലെ വടയാർ പാലത്തിൽ അപകടാവസ്ഥ. അപ്രോച്ച് റോഡിൻ്റെ തുടക്കത്തിൽ ഇരു ഭാഗങ്ങളിലുമുണ്ടായ വിള്ളലാണ് ആശങ്കയാകുന്നത്. ഭാരവാഹനങ്ങളും ബസ്സുകളും അടക്കം ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പാലത്തിലാണ് ഈ വിള്ളൽ ഭീതിയാകുന്നത്. 

അപ്രോച്ച് റോഡിൻ്റെ തുടക്കം പാലത്തിൽ നിന്ന് വിട്ടകന്ന് ഉണ്ടായ റോഡിലെ വിള്ളൽ പാച്ച് വർക്ക് ചെയ്ത അടച്ചിട്ടുണ്ടെങ്കിലും പാലത്തിലെ ഫുട്പാത്തിൽ നാലിടത്താണ് സ്ലാബിൽ വിള്ളൽ വീണിരിക്കുന്നത്. അപ്രോച്ച് റോഡും തൂണുകളും പാലത്തിൽ നിന്ന് വിട്ടകന്ന നിലയിലാണ്. ഭാരവാഹനങ്ങൾ അടക്കവും കടന്നുപോകുമ്പോൾ പാലത്തിൽ ഭയാനകമായ കുലുക്കവും അനുഭവപ്പെടുന്ന സ്ഥിതിയാണ് ആശങ്ക ഉയർത്തുന്നത്. ഫുട്പാത്തിൽ അടക്കം പുല്ലു വളർന്നു നിൽക്കുന്നതിനാൽ ഈ വിള്ളൽ വീണുള്ള അപകടാവസ്ഥ ശ്രദ്ധയിൽപെടാത്ത സ്ഥിതിയിലാണ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000745274.jpg)

പുല്ല് വളർന്ന ഫുട്പാത്തിലൂടെ നടന്നാൽ വിള്ളലിൽ കാല് പെട്ട് അപകടമുണ്ടാകാനും സാധ്യത ഏറെയാണ്. പാലത്തിലെ നടപ്പാതയിൽ സ്ലാബുകൾ നാലിടത്താണ് ഭയനകമായ രീതിയിൽ വിട്ടകന്ന നിലയിലായിലുള്ളത്. വൈക്കം-കോട്ടയം സംസ്ഥാനപാതയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഈ പാലം. ഉദയനാപുരം പഞ്ചായത്തിനെയും തലയോലപ്പറമ്പ് പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് വൈക്കം-കോട്ടയം സംസ്ഥാന പാതയിൽ മൂവാറ്റുപുഴയാറിന്റെ കൈവഴിക്ക് കുറുകെയുള്ള പാലത്തിലാണ് ഈ അപകടസ്ഥിതി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-14.jpg)