> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയാഴം ഉന്നതി വികസന ഫണ്ടിൽ അഴിമതി: അന്വേഷണം വേണമെന്ന് ആവശ്യം
- URL: https://www.vaikomvartha.com/vaikom-news-175/
- Published: 2026-10-11T01:36:55.000Z
- Updated: 2026-10-12T01:20:37.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വൈക്കം: പട്ടികജാതി വിഭാഗ ഉന്നതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപവീതം പഞ്ചായത്തുകളിൽ അനുവദിച്ച പദ്ധതിയിൽ വൻ അഴിമതി എന്ന് പരാതി. നിശ്ചിത എണ്ണത്തിലധികം വീടുകളുള്ള ഉന്നതികളിലാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി 2021-22 ൽ മുൻ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ പദ്ധതിയിൽ ഒന്നരലക്ഷം രൂപ വരെ മുടക്കി ഒരോ വീടുകളുടെയും അറ്റകുറ്റപ്പണികൾ ചെയ്തു നൽകുകയും റോഡുകളടക്കം നിർമ്മിച്ച് അടിസ്ഥാന സൗകര്യ വികസനവുമായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ പദ്ധതി നടപ്പായപ്പോൾ വൻ അഴിമതിയാണ് നടന്നതെന്നാണ് പരാതി ഉയരുന്നത്. തലയാഴം പഞ്ചായത്തിലെ മണ്ണാറംക്കണ്ടം കുറിഞ്ഞിക്കാട് ഉന്നതിയിൽ വീടുകളിൽ നടത്തിയ അറ്റകുറ്റപ്പണികളിൽ വ്യാപക അഴിമതി നടന്നെന്ന പരാതിയുമായി ഉന്നതി നിവാസികൾ തന്നെ രംഗത്ത് വന്നു.

വൈക്കത്തെ മറ്റ് പഞ്ചായത്തുകളിലും സമാന പരാതി ഉയരുന്നിട്ടുണ്ട്. മണ്ണാറക്കണ്ടം അമ്മിണി എന്ന 88കാരിയുടെ മാതാവ് ചിന്നയുടെ പേരിലുള്ള ഭിത്തികൾ തകർന്ന വീടിന് മുകളിൽ ഓട് മാറ്റി ഷീറ്റ് ഇട്ട ശേഷം ഒരു ലക്ഷത്തി നാല്പതിനായിരം രൂപ ചെലവായി എന്നും അനുവദിച്ച പണം തീർന്നെന്നും പറഞ്ഞാണ് പണി നിർത്തിയത്. അജീഷ് ഭവനിൽ അജീഷിന്റെ വീട്ടിൽ മുപ്പതിനായിരത്തോളം രൂപ അനുവദിച്ചു എന്നും പറഞ്ഞ് വാർക്കലിൻ്റെ മുകളിലും പൊട്ടിയ ഭാഗത്തും സിമൻറ് തേച്ച ശേഷം അനുവദിച്ച പണം തീർന്നെന്നു പറഞ്ഞ് പണി നിർത്തി മടങ്ങി. മാന്തറ പ്രശോഭൻ എന്നയാളുടെ വീട്ടിൽ മേൽക്കൂരയുടെ തടികൾ മാറ്റി ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച ശേഷം ഉണ്ടായിരുന്ന ഓട് തന്നെയിട്ട് രണ്ടു മുറികളുടെ ഭിത്തി സിമൻ്റിട്ട് തേച്ച് ഒരു വാതിലും സ്ഥാപിച്ച് തുക തീർന്നെന്നു പറഞ്ഞാണ് പണി നിർത്തി പദ്ധതി നടപ്പാക്കി മടങ്ങിയത്. എന്നാൽ ഏകദേശം പറഞ്ഞ തുകക്ക് പണി നടത്തിയതായി തോന്നുന്നുവെന്നുമാണ് ഇവർ പറഞ്ഞത്. കളത്തിത്തറ സുമ, ശോഭന എന്ന സഹോദരികളുടെ വീടുകളിൽ ഒരാളുടെ വിടിരുന്ന സ്ഥലത്തും മറ്റൊരാളുടെ വീട് വയ്ക്കാനുള്ള സ്ഥലം അമ്പതിനായിരം രൂപയിൽ താഴെ വരുന്ന പൂഴി മണ്ണ് ഇട്ടശേഷം അനുവദിച്ച തുക തീർന്നെന്ന് പറഞ്ഞതായാണ് പരാതി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735749-7.jpg)

30ൽ താഴെ വീടുകൾക്കാണ് ഈ ഉന്നതിയിൽ വീടുകളിൽ പദ്ധതി പണം ഇങ്ങനെ ചെലവഴിച്ചത്. പരാതിപ്പെടും എന്ന് പറഞ്ഞവരുടെ രണ്ടുപേരുടെ വീടുകളിൽ മാത്രമാണ് യഥാർത്ഥ തുക മുടക്കി പണികൾ നടത്തിയത് എന്നാണ് ആക്ഷേപം.പദ്ധതിയിൽ ഇവിടെ രണ്ട് ചെറിയ റോഡ് നിർമ്മാണത്തിനും പൂഴിമണ്ണിട്ട് തുടക്കമിട്ടിട്ടുണ്ട് . പണം നേരിട്ട് കൈമാറാതെ ഉദ്യോഗസ്ഥർ പരിശോധന നടത്തി വേണ്ട അറ്റകുറ്റപ്പണികൾ കണ്ടെത്തി നടത്തിക്കൊടുക്കുകയാണ് പദ്ധതി വഴി ചെയ്യുന്നത്.എന്നാൽ ഓരോ കുടുംബത്തിനോടും അനുവദിച്ചെന്ന് പറഞ്ഞ തുകയ്ക്കുള്ള അറ്റകുറ്റപ്പണി നടത്തിയില്ലെന്നാണ് പരാതി. സാധാരണക്കാരായ പിന്നോക്ക മേഖലയിലുള്ള പലർക്കും തൻ്റെ വീട്ടിൽ നടത്തിയ പണികളുടെ തുകയെപ്പറ്റി ധാരണ ഇല്ലാതെവന്നതാണ് ഈ വൻ കൊള്ള നടത്താൻ സഹായമായത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ആയിരുന്നു പദ്ധതി നടത്തിപ്പ്.അഞ്ചുവർഷമായി ആനുകൂല്യങ്ങൾ ഒന്നും ലഭ്യമാകാത്ത വീടുകളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് പദ്ധതി നടനടപ്പാക്കിയപ്പോൾ ചില വീടുകളിൽ എസ്റ്റിമേറ്റ് ഇട്ട തുക മുടക്കേണ്ടി വന്നില്ലെന്നും അത് ഉന്നതികളുടെ മറ്റു വികസനങ്ങൾക്ക് ഉപയോഗിക്കുമെന്നുമാണ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തിച്ചവർ നൽകുന്ന വിശദീകരണം.  
പദ്ധതിയിൽ നടന്ന വൻ അഴിമതിയെപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്.