> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം നഗരസഭ പാർക്ക് നവീകരിക്കുന്നു; ജനകീയ പങ്കാളിത്തത്തോടെ ആകർഷകമായ മാറ്റങ്ങൾ
- URL: https://www.vaikomvartha.com/vaikom-news-184/
- Published: 2026-10-13T17:22:43.000Z
- Updated: 2026-10-14T14:40:50.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: നഗരസഭ പാർക്ക് ജനകീയമാക്കാൻ സമഗ്ര പദ്ധതി നടപ്പാക്കുന്നു. നഗരസഭക്ക് പണചെലവില്ലാതെ പാർക്ക് ആകർഷകമാക്കുന്നതിൻ്റെ അവസാന ഘട്ടത്തിലാണ് നഗരസഭ സംഘടനകളുടെയും സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹായം ലഭ്യമാക്കിയാണ് നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറിൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് ഭരണസമിതി പാർക്കിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. പുതിയ കളിയുപകരണങ്ങളും ഫൗണ്ടനടക്കം സ്ഥാപിച്ച പാർക്കിൽ പതിനേഴ് എൽ.ഇ.ഡി വൈദ്യുതി വിളക്കുകൾ സ്ഥാപിച്ച് സി.സി.ടി.വി ക്യാമറകളുടേയും പ്രവർത്തനം തുടങ്ങി. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പാർക്കിലെ ജീവനക്കാരന് മോണിറ്ററിലും ചെയർമാനടക്കം നഗരസഭ ഉദ്യോഗസ്ഥന്മാർക്കുമടക്കം അഞ്ച് പേർക്ക് ഫോണിലും ലഭ്യമാകും. 

പാർക്കിലെ ഇരിപ്പിടങ്ങളും ടോയ്ലറ്റുകളും നവീകരിച്ചു. ഇതോടെ ആകർഷകമായ പാർക്കിൽ കുട്ടികളുടേയും കുടുംബങ്ങളുടേയും തിരക്കേറി തുടങ്ങി. അഷ്ടമിക്ക് മുൻമ്പായി ആനയുടെ ഒരു സെൽഫി പോയിൻ്റും വനിതകൾക്കായുള്ള ഫീഡിംഗ് കേന്ദ്രവും സ്ഥാപിക്കുമെന്ന് ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു. കൂടുതൽ മണലിട്ട് പാർക്ക് ഗ്രൗണ്ട് ആകർഷകമാക്കും. പാർക്കിന് സമീപം ബിനാലെ മണി സ്ഥാപിച്ചിരുന്ന കായലിൽ പാർക്കിൽ നിന്ന് പ്രവേശന മാർഗ്ഗം നിർമ്മിച്ച് സെൽഫി പോയിൻ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. റേഡിയോയോ മ്യൂസിക് സിസ്റ്റമൊ സ്ഥാപിക്കാനും ശ്രമമുണ്ട്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735761-7.jpg)

എം.എൽ.എ ഫണ്ട് അനുവദിപ്പിച്ച് പാർക്ക് അത്യാകർഷകമാക്കി മാറ്റാണ് ശ്രമമെന്ന് ചെയർമാൻ അറിയിച്ചു. പാർക്കിനടുത്ത് പഴയ ബോട്ട് ജെട്ടിക്ക് സമീപം തുറക്കാതെ കിടക്കുന്ന ടേക്ക് എ ബ്രേക്ക് സമുച്ചയവും ഉടൻ തുറക്കും. നഗരസഭ കൗൺസിലിൽ ചർച്ച ചെയ്ത് വരും മാസങ്ങളിൽ പാർക്കിൻ്റെ പ്രവർത്തന സമയം കൂട്ടി പുനക്രമീകരിക്കാനും ആലോചനയുണ്ട്.  
ഇത്രയും കാലം ലക്ഷങ്ങൾ മുടക്കിയിട്ടും ആകർഷകമാക്കാൻ കഴിയാതെ കിടന്ന പാർക്ക് ഈ അഷ്ടമിക്കാലത്ത് വൈക്കത്തിൻ്റെ ശ്രദ്ധേയമായ ഇരിപ്പിടമായി മാറുകയാണ് .