> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാലാ - വൈക്കം കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് മുടങ്ങുന്നു; യാത്രാദുരിതം രൂക്ഷം
- URL: https://www.vaikomvartha.com/vaikom-news-188/
- Published: 2026-10-14T14:41:06.000Z
- Updated: 2026-10-15T14:29:38.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: സമയത്ത് ഓടിയെത്താൻ കഴിയാത്തത് കൊണ്ട് പാലായിൽ നിന്നുള്ള ചെയിൻ സർവീസുകൾ മുടങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു. രാവിലെ 5 40ന് തുടങ്ങി വൈകിട്ട് ഏഴരയോടെ അവസാനിക്കുന്ന വൈക്കം-പാലാ ചെയിൻ സർവീസിലാണ് യാത്രാദുരിതം രൂക്ഷമാവുന്നത്. വൈക്കത്ത് നിന്നും പാലായിൽ നിന്നും അഞ്ച് ബസ്സുകൾ വീതമാണ് ചെയിൻ സർവീസ് നടത്തുന്നത്. 

എന്നാൽ വൈക്കത്തു നിന്നുള്ള സർവീസുകൾ ലിമിറ്റഡ് സ്റ്റോപ്പ് ആയി ഓടുമ്പോൾ പാലായിൽ സർവീസുകൾ ഓർഡിനറിയായി ആണ് ഓടുന്നത്. ഇതുമൂലം വൈക്കത്തുനിന്ന് മുടങ്ങാതെ സർവീസ് നടത്തിയാലും പാലായിൽ നിന്നുള്ള ബസ്സുകൾ സമയത്ത് ഓടിയെത്താത്തതാണ് ചെയിൻ സർവീസിന്റെ താളം തെറ്റാൻ കാരണം. ഇതോടെ ഉച്ചയ്ക്കുശേഷം യാത്ര ക്ലേശം രൂക്ഷമാകുകയാണെന്നാണ് യാത്രക്കാരുടെ പരാതി. ജോലി കഴിഞ്ഞ് മടങ്ങുന്ന വനിതകൾ അടക്കമുള്ളവർക്ക് രണ്ടുമണിക്കൂറോളം കാത്തുനിന്ന് രാത്രിയോടെ മാത്രമാണ് വീട്ടിൽ എത്താൻ കഴിയുന്നതെന്നാണ് പരാതി ഉയരുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-59.jpg)

പലപ്പോഴും സമയം പാലിക്കാൻ പാലയിൽ നിന്നുള്ള സർവ്വീസുകൾ കുറുപ്പന്തറയിലെത്തി മടങ്ങുന്ന സ്ഥിതിയാണ്. ഒരു ബസ് 8 ട്രിപ്പ് വീതം 40 സർവ്വീസാണ് ചെയിനായി ഈ റൂട്ടിൽ ഓടുന്നത്. വൈകിട്ട് 5 മണിയോടെ പാലസ്റ്റാൻഡിലെത്തിയാൽ 2 മണിക്കൂർ കാത്ത് നിന്നാലെ നിലവിൽ വൈക്കത്തേക്ക് ഈ ചെയിൻ സർവീസിൽ എത്താനാകു എന്നതാണ് സ്ഥിതി. പാലായിൽ നിന്നുള്ള സർവീസുകൾ ലിമിറ്റഡ് സ്റ്റോപ്പ് ആക്കി മാറ്റുകയാണ് താൽക്കാലിക പരിഹാരം എങ്കിലും കൂടുതൽ ബസ്സുകളും ജീവനക്കാരേയും നിയോഗിച്ചാൽ മാത്രമേ ശാശ്വതമായി യാത്ര ക്ലേശം പരിഹരിക്കാൻ കഴിയൂ എന്നാണ് ജീവനക്കാർ പറയുന്നത്.