> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന
- URL: https://www.vaikomvartha.com/vaikom-news-199/
- Published: 2026-10-16T15:22:56.000Z
- Updated: 2026-10-16T15:22:56.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: വൈക്കം പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.  
അനധികൃത സാമ്പത്തിക ഇടപാടുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഇതര സംസ്ഥാനക്കാരന്റെ പേരിൽ എടുത്ത ബാങ്ക് അക്കൗണ്ട് വഴി അനധികൃത പണമിടപാട് വൈക്കം സി.ഐ പി.എ.ഷമീർഖാൻ നടത്തിയതായാണ് സംശയിക്കുന്നത്. ഹെൽമറ്റ് ധരിച്ച് ഷമീർഖാൻ എ.ടി.എം കൗണ്ടറുകളിൽ നിന്ന് പണം പിൻവലിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ഇടപാട് നടത്തിയ എ.ടി.എം കാർഡും ഓഫീസ് കമ്പ്യൂട്ടർ രേഖകളും ഫോണും അടക്കം വിജിലൻസ് സംഘം പരിശോധിക്കുകയാണ്. ഇവ പിടിച്ചെടുത്തതായും വിവരമുണ്ട്. 

ഇടപാട് നടത്തിയ ബാങ്കിലെ അക്കൗണ്ട് രേഖകളും ബാങ്കിൽ എത്തി ഉദ്യോഗസ്ഥർ പരിശോധിച്ചു. ബാങ്കിൽ മാത്രമല്ല ഈ അക്കൗണ്ട് വഴിയുള്ള ഇടപാട് കണ്ടെത്തിയ വൈക്കത്തെ സ്ഥാപനങ്ങളിലും പരിശോധന നടത്തി സി.സി.ടി.വി ദൃശ്യങ്ങളടക്കം വിജിലൻസ് ശേഖരിച്ചു. ഷമീർഖാൻ വൈക്കത്ത് സി.ഐ ആയി ചാർജ് എടുത്തിട്ട് രണ്ട് മാസം തികയുന്നതേയുള്ളൂ. ഇതിനകം തന്നെ മൂന്ന് ലക്ഷത്തിനടുത്ത തുകയുടെ ഇടപാട് ഈ അക്കൗണ്ട് വഴി നടന്നതായാണ് സംശയിക്കുന്നത്. ടിപ്പർ വാഹനങ്ങളിൽ നിന്നടക്കം വൻതോതിൽ പണം വാങ്ങിയിരുന്നതായി വിജിലൻസിന് വിവശം ലഭിച്ചതായാണ് അറിയുന്നത്. മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡ് ഫോണിൽ ഉപയോഗിച്ചാണ് ബാങ്ക് ഇടപാട് നടത്തിയതെന്നും സംശയിക്കുന്നുണ്ട്. എന്നാൽ നിലവിൽ പരാതിയിലെ പരിശോധന മാത്രമാണ് നടക്കുന്നതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-45.jpg)

ഓഫീസിൽ നിന്നോ ഉദ്യോഗസ്ഥൻ്റെ പക്കൽ നിന്നോ പണമോ മറ്റ് അനധികൃത ഇടപാടോ നേരിട്ട് കണ്ടെടുത്തിട്ടില്ല. പരിശോധനയിൽ തെളിവുകൾ കണ്ടെത്തിയാൽ മാത്രമായിരിക്കും നടപടി ഉണ്ടാവുക. വിജിലൻസിന്റെ പക്കൽ ശക്തമായ തെളിവുകളും വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം വിജിലൻസ് എസ്.പി ആർ. ബിനു, ഡി.വൈ.എസ്.പി ടി.ആർ. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് 15 ഓളം വരുന്ന, വനിതാ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നിരവധ വാഹനങ്ങളിലായി എത്തിയാണ് സി.ഐ ഓഫീസിലും ബാങ്ക് അടക്കമുള്ള മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്തിയത്.