> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു
- URL: https://www.vaikomvartha.com/vaikom-news-2-16-mla/
- Published: 2026-08-01T14:00:20.000Z
- Updated: 2026-08-01T14:00:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മഴ ശക്തമാകുന്നതിനാൽ ജനങ്ങളും ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്ന  
ഉദ്യോഗസ്ഥരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് വൈക്കം താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ കെ. ബിനിമോൻ എം.എൽ.എ നിർദ്ദേശിച്ചു.  
മൂവാറ്റുപുഴയാറിൽ വെള്ളം നിറഞ്ഞു കര കവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തിൽ വീടുകളിൽ വെള്ളം കയറാനുള്ള സാധ്യത വിലയിരുത്തി താഴ്ന്ന പ്രദേശങ്ങളിൽ അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് തഹസിൽദാർക്ക് അദ്ദേഹം നിർദ്ദേശം നൽകി. മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ വകുപ്പുകളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ വാഹനവും മറ്റ് ഉപകരണങ്ങളും സജ്ജമാക്കണമെന്നും ഫയർഫോഴ്‌സ്, പോലിസ് തുടങ്ങിയ വകുപ്പുകൾക്കും നിർദ്ദേശം നൽകി.

അടിയന്തിര ഘട്ടത്തിൽ മെഡിക്കൽ ചികിത്സാ സൗകര്യം ഒരുക്കണമെന്നും, കാറ്റ് വലിയ രീതിയിൽ ഉണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണ് അപകടം ഉണ്ടാകാതിരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി, ഫയർഫോഴ്‌സ്, പോലീസ്, ആശുപത്രി, മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി.  
മഴക്കെടുതികൾ നേരിടുന്നതിന് വൈക്കം താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും.