> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പൊൻവസന്തം വയോജന കൂട്ടായ്മ
- URL: https://www.vaikomvartha.com/vaikom-news-2-20-28/
- Published: 2026-09-15T12:00:35.000Z
- Updated: 2026-09-15T12:00:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽ പൊൻവസന്തം വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവ ഗായികയുമായ 95കാരി പി.കെ. മേദിനി മുഖ്യാതിഥിയായിരുന്നു. മനസു നന്നാകട്ടെയെന്ന ഗാനം വയോജനങ്ങൾക്കൊപ്പം പാടിയ മേദിനി കൂട്ടായ്മക്ക് ഉണർവ്വായി. 

സമ്മേളനാനന്തരം നടന്ന കൂട്ടായ്മയിൽ, കലാ പരിപാടികൾ നടത്തിയും ആസ്വദിച്ചും അവർ മനം നിറച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന പരിപാടി കെ. ബിനിമോൻ എം.എൽ.എ യാണ് ഉദ്ഘാടനം ചെയ്തത്. പല വീടുകളിലും വയോജനങ്ങൾ മാത്രമാകുകയോ ഒറ്റപ്പെടൽ അനുഭവപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ അവരെ ചേർത്ത് പിടിച്ച് അവർക്ക് ശക്തി പകരണമെന്ന് കെ. ബിനിമോൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-15.jpg)

വയോജനങ്ങൾക്ക് ഉണ്ടാകുന്ന വിഷമങ്ങൾ ജനപ്രതിനിധികളോടക്കം പങ്കുവയ്ക്കണമെന്നും അക്കാര്യത്തിൽ സജീവ ഇടപെടൽ ഉണ്ടാകുമെന്നുമായിരുന്നു ബ്ലോക്ക് പ്രസിഡൻ്റിൻ്റെ മറുപടി. ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീതാസോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ, ടി.എൻ. സിബി, പഞ്ചായത്ത് പ്രസിഡൻ്റുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജിത്ത്, ശിശുവികസന ഓഫീസർ കെ. മൃദുല എന്നിവരും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് വയോജനങ്ങളുടെ വിവിധ കലാപരിപാടികളോടെയാണ് പൊൻ വസന്തം കൂട്ടായ്മ പിരിഞ്ഞത്. പെയ്ത് തോർന്ന ഹൃദ്യമായ ഒരു പൊൻ വസന്തത്തിൻ്റെ കുളിർമ്മയും മനസ്സിലേറ്റിയായിരുന്നു വയോജനങ്ങളുടെ മടക്കം.