> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം - വെച്ചൂർ റോഡ് നിർമ്മാണം: മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പ് ഹിയറിംഗ് ആരംഭിച്ചു
- URL: https://www.vaikomvartha.com/vaikom-news-2-20-5/
- Published: 2026-09-03T17:09:44.000Z
- Updated: 2026-09-03T17:13:17.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വെച്ചൂർ നിർമ്മാണത്തിന് മുന്നോടിയായുള്ള നടപടികൾ വേഗത്തിലാകുന്നു. മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പിൻ്റെ ഹിയറിംഗ് തുടങ്ങി. വൈക്കം - വെച്ചൂർ റോഡ് മൂന്നാമത് റീച്ചിൽ ഉൾപ്പെട്ടിട്ടുള്ള ഇടയാഴം ഹെൽത്ത് സെൻ്റർ മുതൽ ബണ്ട് റോഡ് ജംഗ്ഷൻ വരെയുള്ളവരുടെ ഹിയറിംഗാണ് ആരംഭിച്ചത്. പത്താം തീയതി വരെയാണ് ഹിയറിംഗ് നടത്തുന്നത്. 

രാവിലെ 11മുതൽ വൈകുന്നേരം നാല് വരെ വൈക്കം മറവൻതുരുത്തിൽ പ്രവർത്തിക്കുന്ന കിഫ്ബിയുടെ ഓഫീസിലാണ് ഹിയറിംഗ് നടത്തുന്നത്. അറിയിപ്പ് ലഭിച്ചിട്ടുള്ളവർ ഹാജരാകുമ്പോൾ ഹിയറിംഗ് നോട്ടീസിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളുമായി പറഞ്ഞിരിക്കുന്ന തിയതിയിൽ കൃത്യ സമയത്ത് എത്തണമെന്ന് കിഫ്ബി കോട്ടയം സ്പെഷ്യൽ തഹസിൽദാർ ആർ. രാജേഷ് അറിയിച്ചു. കക്ഷികളുടെ സൗകര്യാർത്ഥം വേഗത്തിൽ നടപടികൾ പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്ഥരെ അഞ്ചു ടീമുകളായി തിരിച്ചാണ് ഹിയറിംഗ് നടത്തുന്നത്. അതേസമയം ഏറ്റെടുത്ത ഭാഗങ്ങളിലെ മതിലുകളും മറ്റു പൊളിച്ച നീക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. നിലവിലെ കിഫ്ബി സ്പെഷ്യൽ തഹസിൽദാർ ആർ. രാജേഷിന്റെ നേതൃത്വത്തിൽ നടപടികളിലുണ്ടായിരുന്ന അപാകതകൾ ഒഴിവാക്കി പദ്ധതി വേഗത്തിൽ ആക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688804-3.jpg)

ഒന്ന്, രണ്ട് റീച്ചുകളിൽ ഇനിയും രേഖകൾ ഹാജരാക്കാനുള്ളവർ എത്രയും വേഗം രേഖകൾ ഹാജരാക്കേണമെന്നും സ്പെഷ്യൽ തഹസിർദാർ അറിയിച്ചു. വൈക്കം വെച്ചൂർ റോഡ് തോട്ടകത്തു നിന്നും തുടങ്ങി കൈപ്പുഴ മുട്ടിൽ അവസാനിക്കും. ഇതിനായി 964 പേരുടെ വസ്തുവകകളാണ് ആകെ ഏറ്റെടുക്കേണ്ടത്. ഇതിനായി സർക്കാർ 85,77,63,359 (എൺപത്തിയഞ്ചു കോടി എഴുപത്തി ഏഴു ലക്ഷത്തി അറുപത്തിമൂവായിരത്തി മൂന്നൂറ്റി അൻപത്തി ഒൻപത്) രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുവരെ ഏറ്റെടുത്ത ഭൂമി കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറിയിട്ടുണ്ട്. തോട്ടകം മുതൽ ഇടയാഴം വരെയുള്ള ഹിയറിംഗ് കഴിഞ്ഞിട്ടുണ്ട്. രേഖകൾ ഹാജരാക്കിയവർക്ക് പണം നൽകി. രേഖകൾ ഹാജരാക്കാനുള്ളവരുടേയും തർക്കമുള്ള കേസുകളുടേയും തുക കോടതിയിൽ കെട്ടി വയ്ച്ചിട്ടുണ്ട്. ഇതുവരെ 37കോടിയോളം രൂപ ഒന്ന് രണ്ട് റീച്ചിലെ കക്ഷികൾക്കും കോടതിയിലുമായി നൽകിയിട്ടുണ്ട്.

ഹിയറിംഗിനായി എത്തുന്നവർ ഈ രേഖകൾ കരുതണം

അസൽ ആധാരം ഒരു കോപ്പി സഹിതം . (ആധാരം ബാങ്കിൽ പണയപ്പെടുത്തിയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ബാങ്കിൽ നിന്നുള്ള കത്ത്, ബാങ്ക് മാനേജർ സാക്ഷ്യപ്പെടുത്തിയ ആധാരപകർപ്പ്, നാളിതു വരെയുള്ള ബാധ്യത തുക സംബന്ധിച്ച ബാങ്കിൻ്റെ കത്ത്), മുന്നാധാരം (പകർപ്പു സഹിതം), ബാധ്യത സർട്ടിഫിക്കറ്റ് 15 വർഷങ്ങളിലേത് (പകർപ്പു സഹിതം), പൊസഷൻ& നോൺ അറ്റാച്ചുമെന്റു സർട്ടിഫിക്കറ്റ് (പകർപ്പു സഹിതം), 2025-2026 , 2026-2027 വർഷങ്ങളിൽ കരം അടച്ചരസീത് (പകർപ്പ് സഹിതം),സമർപ്പിക്കേണ്ടതാണ്.