> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം താലൂക്കിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
- URL: https://www.vaikomvartha.com/vaikom-news-2-20/
- Published: 2026-08-04T13:10:27.000Z
- Updated: 2026-08-06T15:19:23.000Z
- Description: വൈക്കം: താലൂക്കിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഉദയനാപുരം, തലയോലപ്പറമ്പ്, മറവന്തുരുത്ത്, കല്ലറ, വെച്ചൂർ, തലയാഴം, കടുത്തുരുത്തി, മുളക്കുളം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 256 കുടുംബങ്ങളാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്.
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: താലൂക്കിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഉദയനാപുരം, തലയോലപ്പറമ്പ്, മറവന്തുരുത്ത്, കല്ലറ, വെച്ചൂർ, തലയാഴം, കടുത്തുരുത്തി, മുളക്കുളം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 256 കുടുംബങ്ങളാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. വയോധികരും കുട്ടികളും അടക്കം ആകെ 529 പേർ ക്യാമ്പുകളിൽ ഉണ്ട്. ഉദയനാപുരം വല്ലകം സെൻ്റ്മേരീസ് സ്കൂളിലെ ക്യാമ്പിൽ 73 കുടുംബങ്ങളിലെ 164 പേരാണ് ഉള്ളത്. തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ സ്കൂളിലെ ക്യാമ്പിൽ 43 കുടുംബങ്ങളിലെ 84 പേർ എത്തിയിട്ടുണ്ട്. മറവന്തുരുത്ത് യു.പി സ്കൂളിലെ ക്യാമ്പിൽ 30 കുടുംബങ്ങളിൽ നിന്ന് 53 പേരും, വെച്ചൂർ ഇടയാഴം സെൻമേരീസ് സ്കൂളിൽ 15 കുടുംബങ്ങളിലെ 24 പേരും, തലയാഴം തോട്ടകം എൽ.പി സ്കൂളിൽ 11 കുടുംബങ്ങളിലെ 31 പേരും കല്ലറ എസ്.എസ്.വി യു.പി സ്കൂളിൽ 21 കുടുംബങ്ങളിൽ നിന്നായി 29 പേരും, കടുത്തുരുത്തി ആയാംകുടി എൽ.പി സ്കൂളിൽ 26 കുടുംബങ്ങളിൽ 49 പേരും വി.എച്ച്.എസ് സ്കൂളിൽ 15 കുടുംബങ്ങളിലെ 32 പേരും, എഴുമാന്തുരുത്ത് യു.പി സ്കൂളിൽ 18 കുടുംബങ്ങളിലെ 54 പേരും, മൂളക്കുളം സർക്കാർ യു.പി സ്കൂളിൽ നാലു കുടുംബങ്ങളിലെ 9 പേരും ആണ് ക്യാമ്പുകളിൽ കഴിയുന്നത്. കിഴക്കൻ വെള്ളത്തിന്റെ വരവിന് കുറവുണ്ടാകാത്തതിനാൽ കൂടുതൽ വീടുകളിൽ വെള്ളം കയറുന്നുണ്ട്. വൈക്കത്ത് 500 ലധികം വീടുകൾ വെള്ളത്തിലായിട്ടുണ്ടെന്നാണ് പഞ്ചായത്തുകളിൽ നിന്നും പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. വെള്ളത്തിനൊപ്പം മഴ ശക്തമായാൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമായതിനാൽ വൈക്കത്ത് കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലാകുമെന്ന് മാത്രമല്ല നിലവിൽ വെള്ളം കയറിയ വീടുകൾ തകർച്ചാ ഭീഷണിയിലാകും. മൂടിക്കെട്ടിയ ആകാശവും, പുഴവെള്ളത്തിൻ്റെ വരവും വൈക്കത്ത് ആശങ്ക വിതയ്ക്കുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. കോട്ടയം ജില്ലയിൽ 141 ദുരിതാശ്വാസ ക്യാമ്പുകളിലായി 6848 പേർ. 2383 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പുകളിലുള്ളത്.