> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട്
- URL: https://www.vaikomvartha.com/vaikom-news-204/
- Published: 2026-10-17T09:40:16.000Z
- Updated: 2026-10-17T09:40:16.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam, Breaking News

വൈക്കം: ഒരു പതിറ്റാണ്ടിലധികം കാത്തിരുന്ന ഒരു സ്വപ്ന സാക്ഷാത്കാരത്തിൻ്റെ നിശ്വാസം കായലോളങ്ങളെ തഴുകിയെത്തുന്ന കാറ്റിലുമുണ്ട്. ആ കാറ്റിൻ്റെ സുഖമറിയാം നേരേകടവിലെത്തിയാൽ. നേരെകടവ് - മാക്കേകടവ് പാലം നാടിന് സമർപ്പിക്കുകയാണ് നാളെ. 

തുറവൂർ - പമ്പ സംസ്ഥാന ഹൈവേയുടെ ഭാഗമായാണ് വേമ്പനാട്ടുകായലിന് കുറുകെ ഈ പാലമുയർന്നത്. ചുവപ്പുനാടയും സാങ്കേതിക തടസ്സങ്ങളും നിയമപോരാട്ടങ്ങളുമെല്ലാമായി പണിതീരാതെ ഒരു പതിറ്റാണ്ട്. പാലം പണിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ എത്തുന്ന ചില വാർത്തകൾ, പ്രഖ്യാപനങ്ങൾ. കേട്ട് മടുത്തവയെങ്കിലും ആശ കൈവിടാതെ നാട്, പഴി പറഞ്ഞ് കാത്തിരുന്നു. എന്നാൽ നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിൻ്റെ നീരസങ്ങൾ നാട് മറക്കുയാണ്, രണ്ട് നാടുകൾ ഒന്നാകുന്ന പാലത്തിൻ്റെ കാഴ്ചയിൽ തന്നെ. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735763-2.jpg)

എന്നാൽ കാലത്തിൻ്റെ മാറ്റത്തിൽ നമുക്ക് നഷ്ടമാകുന്ന ചിലതുമുണ്ട്. അതിലൊന്നാണ് ഈ ജങ്കാർ യാത്രയും ജങ്കാർ മുടങ്ങുമ്പോൾ തെല്ല് ഭയത്തോടെ നടത്തിയിരുന്ന കടത്തുവള്ള യാത്രയും. രണ്ടു പതിറ്റാണ്ടായി ഈ ജങ്കാറിൽ യാത്ര നടത്തിയിരുന്നവർക്ക് ഒരു നൊമ്പരം ഉയരും ഈ ബോർഡ് കാണുമ്പോൾ. അതെ ഉദ്ഘാടന തലേന്ന് രാത്രിയോടെ ഈ ജങ്കാർ സർവീസ് ഇവിടെ നിന്നും മറയുകയാണ്. വികസനം എത്തുമ്പോൾ അനിവാര്യമാകുന്ന മാറ്റങ്ങളാണ്. എന്നാൽ പാലമിറങ്ങി ഉദയനാപുരത്തേക്കുള്ള യാത്ര അത്ര സുഖകരമാവില്ല. അതാണ് റോഡിൻ്റെ സ്ഥിതി. അഷ്ടമിക്കാലത്ത് പാലത്തിലൂടെ നിരവധി പേരെത്തും. തൽക്കാലത്തേക്ക് എങ്കിലും അറ്റകുറ്റപ്പണി നടത്തി റോഡ് നന്നാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതിനിടെ ഹൈവേയുടെ ഉദയനാപുരത്തുനിന്നുള്ള റോഡ് നിർമ്മാണത്തിലും ആശങ്ക ഉയർന്ന് തുടങ്ങി. കാരുവള്ളിയിൽ നിന്ന് തൂവേലിക്കുന്ന് വരെ ഹൈവേയുടെ ഭാഗമായി റോഡ് നിർമ്മിക്കാൻ വലിയ കാശ് മുടക്കില്ലാതെ സ്ഥലമൊക്കെ കിട്ടും. പക്ഷേ റോഡ് പൂർത്തികരണ വിഷയം ഇതുവരെ ആരും പറഞ്ഞ് കേട്ടില്ലെന്നാണ് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി. പാലത്തിനായി ഒരു പതിറ്റാണ്ട് കാത്തിരുന്ന നാടിന് മുന്നിൽ ഇനി റോഡിനായുള്ള കാത്തിരിപ്പാണ്.