> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു
- URL: https://www.vaikomvartha.com/vaikom-news-206/
- Published: 2026-10-18T00:36:19.000Z
- Updated: 2026-10-18T01:40:28.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: ഇതര സംസ്ഥാനക്കാരന്റെ പേരിലുള്ള അക്കൗണ്ട് വഴി കൈക്കൂലി പണം വാങ്ങിയ കേസിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ പി.എ. ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു. ഷമീർഖാൻ കൈക്കൂലി പണം വാങ്ങിയ വ്യാജ അക്കൗണ്ടിന്റെ എ.ടി.എം കാർഡും ബാങ്ക് ഇടപാട് നടത്താൻ ഉപയോഗിച്ച ഫോണും ഇന്നലെ വിജിലൻസ് പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നുതന്നെ ഈ അക്കൗണ്ട് വഴി കൈക്കൂലി വാങ്ങിയതായും അത് വിനിയോഗിച്ചതായും വ്യക്തമായ തെളിവുകൾ വിജിലൻസിന് കിട്ടിയിരുന്നു. 

ബാങ്കിലും എ.ടി.എം കൗണ്ടറുകളിൽ നിന്നും സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം രേഖകളും മറ്റുചില സ്ഥാപനങ്ങളിൽ നിന്നുള്ള തെളിവുകളും ഇന്നലെ തന്നെ വിജിലൻസ് ശേഖരിച്ചിരുന്നു. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ സി.ഐക്കെതിരെ സസ്പെൻഷൻ അടക്കമുള്ള വകുപ്പ് തല നടപടികൾ ഉണ്ടാകും. സി.ഐ ഷമീർഖാൻ അഞ്ചുദിവസത്തെ അവധിയിൽ പ്രവേശിച്ചു. ഇതിനിടെ വിജിലൻസ് ഇന്നും വൈക്കത്ത് ചില കടകളിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചരയോടെയാണ് കച്ചേരി കവലയിൽ ഉള്ള ചില കടകളിൽ വിജിലൻസ് സംഘം എത്തി തെളിവുകൾ ശേഖരിച്ചത്. ഷമീർഖാനും ഒപ്പം ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഷമീർ ഖാൻ കൈക്കൂലി പണം ശേഖരിച്ച അക്കൗണ്ട് വഴി ഇടപാട് നടത്തിയ സ്ഥാപനങ്ങളിലായിരുന്നു വിജിലൻസ് തെളിവെടുത്തത്. ആസാം സ്വദേശിയായ ആളുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്ത് മറ്റൊരാളുടെ പേരിൽ സിം കാർഡ് എടുത്ത് ഫോണിൽ ഉപയോഗിച്ചാണ് ഷമീർഖാൻ വഴിവിട്ട പണമിടപാട് നടത്തിയിരുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-67.jpg)

കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ഷമീർഖാൻ വൈക്കത്ത് സി.ഐ ആയി ചുമതലയേറ്റത്. ഇതിനിടയിൽ തന്നെ ഈ അക്കൗണ്ട് വഴി രണ്ടേകാൽ ലക്ഷത്തോളം രൂപയുടെ കൈക്കൂലി പണ ഇടപാട് നടന്നതായാണ് വിജിലൻസ് കണ്ടെത്തൽ. കോട്ടയം വിജിലൻസ് ആർ. ബിനു, ഡി.വൈ.എസ്.പി- ടി.ആർ. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് 15 ഓളം വരുന്ന വനിതകൾ അടങ്ങുന്ന സംഘമാണ് ഇന്നലെ സി.ഐ ഓഫീസിലും മറ്റിടങ്ങളിലും എത്തി പരിശോധന നടത്തിയത്. ഷമീർഖാന്റെ ഔദ്യോഗിക രേഖകളിൽ ചുവന്ന മഷി വീണതോടെ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും തടയപ്പെടുമെന്നാണ് സൂചന.