> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി
- URL: https://www.vaikomvartha.com/vaikom-news-213/
- Published: 2026-10-19T05:40:26.000Z
- Updated: 2026-10-19T05:40:26.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Breaking News

വൈക്കം: തുവൂർ - പമ്പ ഹൈവേയുടെ ഭാഗമായ നേരേകടവ് റോഡിനായി സർക്കാർ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നേരേകടവ് - മാക്കേക്കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അദ്ധ്യക്ഷപ്രസംഗത്തിനിടയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിൻ്റെ ഒരു പരാമർശത്തിന് തിരുത്തലായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

പാലത്തിൽ നിന്ന് നേരേകടവ് വഴിയുള്ള റോഡ് തീരെ ഇടുങ്ങിയതാണ്. ഇത് വികസിപ്പിക്കേണ്ടതുണ്ട്. അതിന് റോഡിനോട് ചേർന്നുള്ളവർ ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കണമെന്നും സർക്കാർ പ്രതിഫലം നൽകി സ്ഥലം ഏറ്റെടുക്കാൻ നോക്കിയിരുന്നാൽ സാങ്കേതിക നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അത് സമീപകാലത്തൊന്നും നടക്കാനിടയില്ലെന്നുമായിരുന്നു പി.കെ. ബഷീർ പറഞ്ഞത്. തൻ്റെ ജില്ലയായ മലപ്പുറത്ത് ഇതുപോലെ ജനങ്ങൾ സൗജന്യമായി സ്ഥലം വിട്ടുനൽകുന്നത് കൊണ്ടാണ് ഇത്രയും നല്ല റോഡുകളുണ്ടായതെന്നും ഉദാഹരണമായി അദ്ദേഹം ചുണ്ടിക്കാട്ടി. എന്നാൽ തുടർന്ന് പ്രസംഗിച്ച മുഖ്യമന്ത്രി ഇതിനെ എതിർത്തു. ഇവിടെയുള്ളത് ഏറെയും സാധാരണക്കാരാണെന്നും നാല് സെൻ്റിലും അഞ്ച് സെൻ്റിലും താമസിക്കുന്നവർ റോഡിന് സ്ഥലം സൗജന്യമായി നൽകിയാൽ പിന്നീട് എവിടെ പോയി താമസിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. വീട് നഷ്‌ടപ്പെടുന്നവർക്ക് അതിലും മികച്ച വീടുണ്ടാവണം. അതിന് തക്ക നഷ്‌ടപരിഹാരമാണ് നൽകേണ്ടത്. അത് കൊടുത്തുകൊണ്ട് തന്നെ സ്ഥലമേറ്റെടുത്ത് റോഡ് വികസനം സാദ്ധ്യമാക്കും. അതിനായി പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്നും ധനവകുപ്പിൻ്റെ കൂടി ചുമതലയുള്ള താൻ ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-51.jpg)

നാടിൻ്റെ വികസനം ആ നാട്ടിലെ ജനങ്ങളും കൂടി വികസനമാണ്. നാട് വികസിക്കുമ്പോൾ ജനങ്ങളുടെ ജീവിത നിലവാരവും ഉയരണം. അല്ലാതെ ജനങ്ങളെ പെരുവഴിയിലാക്കുന്നത് വികസനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  
വികസന പദ്ധതികളിലെ അനാവശ്യമായ കാലതാമസം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനൊപ്പം പൊതു ഖജനാവിലെ പണം വലിയ തോതിൽ ചോർത്തുകയും ചെയ്യുന്നുണ്ട്. നേരേകടവ് - മാക്കേക്കടവ് പാലം യഥാസമയം പൂർത്തിയായിരുന്നുവെങ്കിൽ പിന്നീട് അധികമായി മുടക്കേണ്ടി വന്ന 40 കോടിയിലധികം രൂപ ഖജനാവിൽ നിന്ന് നഷ്‌ടപ്പെടില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന പദ്ധതികളിലെ അനാവശ്യ കാലതാമസം ഇല്ലാതാക്കാൻ കർശന നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.