> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ
- URL: https://www.vaikomvartha.com/vaikom-news-220/
- Published: 2026-10-19T17:14:53.000Z
- Updated: 2026-10-19T17:14:53.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: വൈക്കത്ത് കിഴക്കേനട കിളിയാറ്റ്നടയിൽ നിർമ്മാണം നിലച്ച കെ.എസ്.എഫ്.ഡി.സി മൾട്ടിപ്ലക്സ് തിയേറ്റർ സമുച്ചയം ചെയർമാൻ പ്രേംകുമാർ സന്ദർശിച്ചു. കിഫ്ബി പദ്ധതിയിൽ 2023 ൽ നിർമ്മാണം തുടങ്ങിയ തിയേറ്റർ 2024 ഫെബ്രുവരി ഒൻപതിനു നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു നിർമ്മാണ ഉദ്ഘാട ദിനത്തിലെ അന്നത്തെ സാസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ആവേശത്തോടെ തുടങ്ങിയ തീയേറ്റർ നിർമ്മാണം കെട്ടിട നിർമ്മാണം പൂർത്തിയായതോടെ നിലച്ചു. പുറമേ പെയിൻറ് ചെയ്ത് മനോഹരമാക്കിയ കെട്ടിടത്തിൻ്റെ അകത്തെ പണികളൊന്നും തുടങ്ങാനായിട്ടില്ല. കരാറുകാരന് രണ്ടുകോടിയോളം രൂപ കിഫ്ബിയിൽ നിന്ന് നൽകാത്തതാണ് നിലവിൽ പണിമുടങ്ങിക്കിടക്കാൻ കാരണം. 

ഇതിനുപുറമേ നഗരസഭ നൽകിയ സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ വസ്തു സംബന്ധിച്ച പ്രശ്നങ്ങളും പണം അനുവദിക്കാൻ തടസ്സമാണെന്നാണ് കിഫ്ബി അറിയിച്ചതായാണ് സൂചന. ഈ വിഷയങ്ങളെല്ലാം നഗരസഭയും സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ചരിത്ര പ്രാധാനമായ വൈക്കത്ത് സാംസ്കാരിക കേന്ദ്രം കൂടിയാകുന്ന തിയേറ്റർ നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള ഊർജിതമായ ശ്രമം നടത്തുമെന്നും പ്രേംകുമാർ പറഞ്ഞു. വൈക്കം ഫയർ സ്റ്റേഷനു സമീപത്ത് നഗരസഭ വിട്ടു നൽകിയ 60 സെൻറ് സ്ഥലത്താണ് തിയേറ്റർ നിർമ്മാണം തുടങ്ങിയത്. തിയേറ്റർ സമുച്ചയത്തിന് 20,000 ചതുരശ്ര അടിയാണ് വിസ്തൃതി. പുതിയ തിയേറ്റർ സമുച്ചയത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു തിയേറ്ററുകളാണ് നിർമ്മിക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-53.jpg)

കെ. ബിനിമോൻ എം.എൽ.എയോടൊപ്പം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തറും നഗരസഭ അംഗങ്ങളും കെ.എസ്.എഫ്.ഡി.സി ചെയർമാൻ പ്രേം കുമാറിനൊപ്പം എത്തിയിരുന്നു. ചുരുക്കത്തിൽ ചർച്ചകളും പരിഹാരങ്ങളും ഉണ്ടായി, കിഫ്ബി പ്രശ്നങ്ങളും കഴിഞ്ഞ് കരാറുകാരന് പണവും കൊടുത്തു കഴിഞ്ഞാൽ മാത്രമേ തീയേറ്ററിൻ്റെ നിർമ്മാണം ഉണ്ടാകൂ.