> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട്
- URL: https://www.vaikomvartha.com/vaikom-news-222/
- Published: 2026-10-20T14:50:50.000Z
- Updated: 2026-10-20T14:50:50.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: പതിനാറാം ധനകാര്യ കമ്മീഷൻ ഏഴു കോടി പത്തൊമ്പത് ലക്ഷത്തി ഇരുപത്തി നാലായിരം രൂപ വൈക്കം നഗരസഭയ്ക്ക് അനുവദിച്ചു. ധനകാര്യ കമ്മീഷൻ അനുവദിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തുകയെന്ന് നഗരസഭാ ചെയർമാൻ അബ്ദുസ്സലാം റാവുത്തർ അവകാശപ്പെട്ടു. ടൈഡ് അൺ ടൈഡ് വിഭാഗങ്ങളിലായി അൻപത് ശതമാനം വീതം തുക നഗരസഭയ്ക്ക് വിനിയോഗിക്കാം. 

നിബന്ധനങ്ങൾക്ക് വിധേയമായിട്ടുള്ള പദ്ധതികൾക്കാണ് ടൈഡ് വിഭാഗത്തിലെ പകുതി തുക വിനിയോഗിക്കാൻ കഴിയുന്നത്. ബാക്കി മൂന്നു കോടി 59 ലക്ഷത്തി 62,000 രൂപ നഗരസഭയ്ക്ക് പദ്ധതി കണ്ടെത്തി വിനിയോഗിക്കാൻ കഴിയും. വൈക്കം നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതി ചർച്ച ചെയ്തു നടപ്പാക്കുമെന്ന് നഗരസഭാ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ അറിയിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000771968.jpg)

വിഷയം വ്യാഴാഴ്ച കൗൺസിലിൽ ചർച്ച ചെയ്യും. തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റികളും മറ്റ് വിദഗ്ധ അഭിപ്രായങ്ങളും തേടി പദ്ധതി ആവിഷ്കരിക്കാനാണ് നഗരസഭ ആലോചിക്കുന്നത്. കൗൺസിൽ അംഗീകാരത്തോടെ പദ്ധതി രൂപീകരിച്ച് ഇമ്പ്ലിമെൻ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാവും ഈ തുക വിനിയോഗിക്കുന്നത്. നഗരസഭയുടെ ആസ്തികൾ സംരക്ഷിക്കാനും നഗരസഭകെട്ടിടങ്ങളും ഓഫീസും സത്യാഗ്രഹ സ്മാരകവും ടൗൺ ഹാളുമടക്കം നവീകരിച്ച് കൂടുതൽ പ്രയോജനകരമാക്കാനുമുള്ള ചർച്ചയും കൗൺസിൽ യോഗത്തിൽ നടത്തും. നഗരസഭയിലെ നാറാണത്തു പാടശേഖരം പൂർണമായി സംരക്ഷിച്ച് കൃഷി യോഗ്യമാക്കാനും നഗരസഭയിലെ കൂടുതൽ റോഡുകൾ ടാർ ചെയ്ത് നവീകരിക്കാനും ചർച്ചകൾ നടക്കും. ടൈഡ് വിഭാഗത്തിൽ തോടുകൾ ആഴം കൂട്ടൽ ഓടകൾ നിർമ്മാണം കൽക്കെട്ട് തുടങ്ങി മാനദണ്ഡപ്രകാരമുള്ള പദ്ധതികൾ ആകും ചർച്ച ചെയ്ത് നടപ്പാക്കുക. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735751-10.jpg)

നഗരസഭയ്ക്ക് ധനകാര്യ കമ്മീഷൻ വഴി ആദ്യമായി ലഭിച്ച കൂടിയ തുകയായ ഏഴേകാൽ കോടിയോളം രൂപ എവിടെയെങ്കിലും ഒരു ഭാഗത്ത് മാത്രം കേന്ദ്രീകരിക്കാതെ നഗരത്തിലാകെ പ്രയോജനകരമാക്കി വിനിയോഗിക്കാനാണ് തീരുമാനമെന്ന് നഗരസഭ ചെയർമാൻ പറയുന്നു.