> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട്
- URL: https://www.vaikomvartha.com/vaikom-news-230/
- Published: 2026-10-22T00:58:55.000Z
- Updated: 2026-10-22T00:58:55.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: വൈക്കം എറണാകുളം പ്രധാന റോഡിലും നഗരത്തിലെ റോഡുകളിലും കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായി. വൈകിട്ട് പെയ്ത മഴയിലാണ് എറണാകുളം റോഡിൽ കാളികുളത്തിന് സമീപവും നാഗംമ്പൂഴി കാവിന് സമീപവും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത്. താലൂക്കാശുപത്രി മുൻ ഭാഗത്തും റോഡ്കനത്ത വെള്ളക്കെട്ടിലായി. കച്ചേരികവല കൊച്ചുകവല റോഡിൽ വെള്ളം നിറഞ്ഞ് കടകളിലേക്ക് ഒഴുകി. 

പലയിടത്തും വൈദ്യുതിയും മുടങ്ങിയതോടെ തിരക്കേറിയ റോഡിലെ വെള്ളക്കെട്ടിൻ്റെ അപകടാവസ്ഥ തിരിച്ചറിയാതെ വാഹനങ്ങൾ അപകടത്തിൽ പെടുന്ന സ്ഥിതിയായിരുന്നു. നിരവധി ഇരു ചക്ര വാഹനങ്ങൾ വെള്ളംകയറി കേടായി. മഴ കനത്ത് പെയ്താൽ വെള്ളം ഒഴുകിപോകാൻ മാർഗ്ഗമില്ലാത്തതാണ് പ്രശ്നകാരണം. പലയിടത്തും ശുചീകരിച്ച കാനകൾ വീണ്ടും അടഞ്ഞതും വ്യാപാര സമുച്ചയങ്ങളിലെ വെള്ളം റോഡിലേക്ക് ഒഴുകുന്ന രീതിയിലെ നിർമ്മിതികളും റോഡിലെ വെള്ളക്കെട്ടിന് കാരണമാവുകയാണെന്നാണ് ആക്ഷേപം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-3.jpg)

കെട്ടിട നിർമ്മാണ സമയത്ത് കൃത്യമായ നടപടി എടുക്കാത്ത ഉദ്യോഗസ്ഥ വീഴ്ചയാണ് റോഡിലേക്ക് വ്യാപര സമുച്ചയങ്ങളിൽ നിന്ന് റോഡിലേക്കുള്ള വെള്ളമൊഴുക്കിന് കാരണം. തുലാമഴ തരുന്ന മുന്നറിയിപ്പിലെങ്കിലും അധികൃതരുടെ കണ്ണ് തുറന്നില്ലെങ്കിൽ റോഡുകൾ തോടുകളായി മാറുന്ന സ്ഥിതിയാകും വൈക്കത്ത് ഉണ്ടാവുക.