> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം
- URL: https://www.vaikomvartha.com/vaikom-news-231/
- Published: 2026-10-22T06:44:23.000Z
- Updated: 2026-10-22T06:44:23.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

വൈക്കം: തിമിത്ത് പെയ്തമഴയിൽ ക്ഷേത്രമുറ്റത്ത് മാനത്ത് മിന്നൽ വെട്ടം. തിരുമുറ്റം മഴതുള്ളി പെരുക്കത്തിലായപ്പോൾ കൊടിമരച്ചോട്ടിൽ അരങ്ങേറ്റ മേള പെരുക്കമായി. വിജയദശമി സന്ധ്യയിൽ വൈക്കം ക്ഷേത്രകലാപീഠത്തിലെ മൂന്നാം വർഷ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു. 

തകിൽ, നാഗസ്വരം, പഞ്ചവാ ദ്യം വിഭാഗങ്ങളിലായി 25 വിദ്യാർഥികളാണ് മേളപ്പെരുക്കമുയർത്തി അരങ്ങേറ്റം കുറിച്ചത്. ക്ഷേത്രകലാപീഠം നേതൃത്വം ദീപം തെളിച്ചതോടെ അരങ്ങേറ്റ മേളം തുടങ്ങി. കൊട്ടിപ്പാടി സേവ, കേളി, കൊമ്പ് പറ്റ്, പഞ്ചവാദ്യം, തകിൽ, നാഗസ്വരം എന്നിവയിലാണ് വിദ്യാർത്ഥികൾ അരങ്ങേറ്റം കുറിച്ചത്. വിദ്യാർഥികളുടെ അരങ്ങേറ്റ മേളം കേൾക്കാൻ കുടുംബാംഗങ്ങളും നിരവധി ആസ്വാദകരും എത്തിയിരുന്നു. തിമിർത്ത് കൊട്ടിയ മേള പെരുക്കം കഴിഞ്ഞപ്പോഴും ക്ഷേത്രമുറ്റത്ത് മഴ തുള്ളി പെരുക്കത്തിൻ്റെ മേളം നിലച്ചിരുന്നില്ല.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735761-11.jpg)