> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഭക്തിനിർഭരമായ ചടങ്ങുകളോടെ പുള്ളി സന്ധ്യവേലയ്ക്ക് സമാപനം; വൈക്കം ക്ഷേത്രത്തിൽ ഇനി മുഖസന്ധ്യവേല
- URL: https://www.vaikomvartha.com/vaikom-news-243/
- Published: 2026-10-24T01:27:38.000Z
- Updated: 2026-10-24T01:27:38.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Vaikom Featured 1, Breaking News

വൈക്കം: കൊടിമര ചുവട്ടിലെ ആനകൊട്ടിലിന് സമീപം തീവെട്ടി പ്രഭ ഉയർന്നു. പുള്ളി സന്ധ്യവേല അവസാന ദിനരാത്രിയിൽ ഭഗവാൻ ഗജരാജൻ്റെ പുറത്തേക്ക്. നാഗസ്വര മേളത്തിൻ്റെ അകമ്പടിയോടെ ആദ്യ പ്രദക്ഷിണം. തൊഴുകൈകളുമായി ഭക്തരും. തെക്കേതിരുമുറ്റത്ത് അല്പനേരം. പിന്നെ ആദ്യ പ്രദക്ഷിണം പൂർത്തിയാക്കി കൊടിമരച്ചുവട്ടിൽ... ആചാരമേളം ചെണ്ടയായി... രണ്ടാം പ്രദക്ഷിണമാണ്. മൂന്നാം പ്രദക്ഷിണത്തിൽ അകമ്പടി വാദ്യമായ അനുഷ്ഠാനവാദ്യമുയർന്നു. പ്രദക്ഷണം പൂർത്തിയായതോടെ വൈക്കത്തഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേലക്ക് സമാപനമായി.

ഈ വർഷത്തെ അവസാന പുള്ളി സന്ധ്യവേല എഴുന്നള്ളിപ്പാണ് രാത്രി എട്ടരയോടെ തുടങ്ങി മൂന്ന് പ്രദക്ഷിണങ്ങൾ പൂർത്തിയാക്കി സമാപിച്ചത്. ഭഗവാൻ്റെ തങ്കതിടമ്പ് ആചാര മേളങ്ങളോടെ വിളക്കിന് എഴുന്നള്ളിച്ചാണ് പുള്ളി സന്ധ്യവേലക്ക് സമാപനം കുറിച്ചത്. ഇനി ഞായറാഴ്ച മുതൽ നാല് ദിനം മുഖസന്ധ്യ വേലയുടെ നാളുകളാണ്. ശനിയാഴ്ച ( ഇന്ന് ) രാവിലെ 8 മണിക്കും 10 മണിക്കും ഇടക്ക് മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കൽ ചടങ്ങ് നടക്കും. മുഖ്യസന്ധ്യവേല നാട്ട് രാജാക്കൻമാർ അഷ്ടമി ഉൽസവത്തിന് മുന്നോടിയായി നടത്തിയിരുന്ന ചടങ്ങിൻ്റെ ആചാരമായാണ് നടത്തുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000777746.jpg)

ദേവസ്വത്തിൻ്റെ വകയായാണ് രാജഭരണ കാലത്തെ ചടങ്ങിൻ്റെ തുടർച്ചയായ ഈ സന്ധ്യവേല ചടങ്ങുകൾ നടത്തുന്നത്. നവംബർ 20 ന് കൊടിയേറ്റുന്നതോടെയാണ് 12 ദിവസത്തെ അഷ്ടമി ഉൽസവത്തിന് തുടക്കമാവുന്നത്. പതിമൂന്നാം ദിനം ഉദയനാപുരത്ത് നടക്കുന്ന ആറാട്ടോടെയാണ് വൈക്കത്തഷ്ടമിക്ക് സമാപനമാകുന്നത്...

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735749-17.jpg)