> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തഷ്ടമി: മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കി
- URL: https://www.vaikomvartha.com/vaikom-news-244/
- Published: 2026-10-24T05:18:45.000Z
- Updated: 2026-10-24T05:18:45.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Vaikom Featured 1, Breaking News

വൈക്കത്തഷ്ടമി ഉത്സവ മുന്നോടിയായുള്ള മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കി. ക്ഷേത്ര കലവറയിലാണ് ഉത്സവ മുന്നോടിയായി നടത്തുന്ന ആചാരത്തിൻ്റെ ഭാഗമായുള്ള രണ്ടാം സന്ധ്യവേലയായ മുഖസന്ധ്യവേല കോപ്പ് തൂക്കൽ ചടങ്ങ് നടന്നത്. ക്ഷേത്ര ഡെപ്യൂട്ടി കമ്മീഷണർ കെ. ഇന്ദുകുമാരി ചടങ്ങിൻ്റെ ഭാഗമായി മംഗള വസ്തുവായ മഞ്ഞൾ തൂക്കി അഡ്മിനിട്രേറ്റീവ് ഓഫിസർ എസ്. വിമൽകുമാറിന് കൈമാറി. രണ്ടാമത് ചന്ദന മുട്ടികളാണ് കോപ്പ് തൂക്കലിൻ്റെ ഭാഗമായി കൈമാറിയത്. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ കെ. ഇന്ദുകുമാരി, അസിസ്റ്റൻ്റ് കമ്മീഷണർ എസ്. അഭിലാഷ് അഡ്‌മിനിട്രേറ്റീവ് ഓഫിസർ എസ്. വിമൽകുമാർ എന്നിവർ ക്ഷേത്രനടയിൽ പ്രാർത്ഥിച്ച് കലവറയിൽ തെളിക്കാനുള്ള ദീപവുമായി വിഘ്നേശ്വരന് മുന്നിൽ തേങ്ങ ഉടച്ച് പ്രാർത്ഥിച്ചാണ് ക്ഷേത്ര കലവറയിലെത്തിയത്. തുടർന്ന് നിലവിളക്കുകളിൽ ദീപം പകർന്ന് മൂവരും സാഷ്ടാംഗ നമസ്കാരം ചെയ്താണ് ചടങ്ങ് നടത്തിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000778244.jpg)

മുഖസന്ധ്യവേല ചടങ്ങുകൾക്കുള്ള വസ്തുക്കൾ ക്ഷേത്രം അധികാരിക്ക് അളന്ന് തൂക്കി കൈമാറുന്ന ആചാരമാണ് മുഖസന്ധ്യവേല കോപ്പ് തൂക്കൽ. കൊടിയേറ്റിന് മുന്നോടിയായും സമാന രീതിയിൽ ഉത്സവ കോപ്പ് തൂക്കൽ നടക്കും. നാളെ മുതൽ തുടർച്ചയായ നാല് ദിവസങ്ങളിലാണ് മുഖസന്ധ്യവേല നടക്കുന്നത്. പുള്ളി സന്ധ്യ വേല തിരുവിതാംകൂർ രാജാവ് യുദ്ധത്തിൽ മരണപ്പെട്ട അവകാശികളില്ലാത്ത പടയാളികളുടെ ശംമ്പള കുടിശ്ശിക പണം കൊണ്ട് അടിയന്തിരമായി നടത്തിയിരുന്നതാണ്. എന്നാൽ നാട്ടുരാജാക്കൻമാർ ഉൽസവ മുന്നോടിയായി നടത്തിയിരുന്ന ചടങ്ങാണ് നാളെ മുതൽ തുടങ്ങുന്ന മുഖസന്ധ്യവേല.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-64.jpg)